പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്

By Web TeamFirst Published Jun 5, 2020, 11:03 PM IST
Highlights

ഭൂപടം  പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ജിഐഎസ് (ജ്യോഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയ്യാറാക്കിയത്. 

കോഴിക്കോട്: മഴക്കാലം ആരംഭിച്ചതോടെ പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്.  കഴിഞ്ഞ രണ്ട് പ്രളയങ്ങളും കാര്യമായി ബാധിച്ചതിന് പിന്നാലെയാണ് നടപടി. പ്രളയ സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ട് പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും  അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും  പ്രളയ സാധ്യതാ ഭൂപടത്തിന്‍റെ സഹായത്തോടെ സാധിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് പഞ്ചായത്ത് ഭരണസമിതി പ്രളയ സാധ്യതാ  ഭൂപടം തയ്യാറാക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി, രാമകൃഷ്ണന്‍ ഭൂപടം പ്രകാശനം ചെയ്തു. ഓരോ ദുരന്തമുഖത്തും ജനകീയ പങ്കാളിത്തത്തിന്റെ പുതിയ മാതൃകയാണ് കേരളം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂപടം  പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ജിഐഎസ് (ജ്യോഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയ്യാറാക്കിയത്. നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, പഞ്ചായത്ത് ദുരന്ത നിവാരണ സേന, സന്നദ്ധ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു വിവര ശേഖരണം നടത്തിയത്. പ്രളയ ഭൂപടത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ പ്രളയബാധിതര്‍ക്ക് വിവരം നല്‍കുന്ന ഹെല്‍പ് ഡെസ്‌ക്  ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 
 
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  യശോദ തെങ്ങിട ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  പ്രൊജക്ട് കോ-ഓഡിനേറ്റര്‍ എന്‍.കെ സലീം, ജി.ഐ.എസ് എഞ്ചിനീയര്‍ സി.എച്ച് വിപിന്‍ ലാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍, പി.കെ റഹ്മത്ത് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അച്ചുതന്‍ മാസ്റ്റര്‍,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍.ഷിജു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ സൗദ, സി.പി പ്രദീപന്‍, ജിജീഷ് മോന്‍, കാശിനാഥന്‍, ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍, നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് എന്‍.എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

click me!