
മലപ്പുറം: കേരളത്തിൽ സകല മേഖലയിലും ഇതര സംസ്ഥാനക്കാരുടെ കടന്നുകയറ്റമാണ്. കൺസ്ട്രക്ഷൻ മേഖലയിലും കടകളിലും നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ ജോലി നോക്കുന്നുണ്ട്. എന്നാൽ ഓട്ടോ ഡ്രൈവറായി ഇതര സംസ്ഥാനക്കാരൻ വന്നാൽ എന്താകും അവസ്ഥ? അൽപ്പം കൗതുകമുണ്ടല്ലേ... എന്നാൽ കേട്ടോളൂ, മലപ്പുറം ചങ്കുവെട്ടിയിൽ ഓട്ടോ ഓടിക്കാനും ഒരു ഇതര സംസ്ഥാനക്കാരൻ വന്നിരിക്കുന്നു. നാഗാലാന്റ് ദിമപൂർ സ്വദേശി പി എം അസൂമിയാണ് കാക്കിയിട്ടിരിക്കുന്നത്.
കൺസ്ട്രക്ഷൻ വർക്കിന് വേണ്ടി കേരളത്തിൽ എത്തിയതല്ല അസൂമി. നാലുവർഷമായി മഞ്ചേരിയിലെ സ്വകാര്യ സ്‌കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനാണ് ഇദ്ദേഹം. അവധിക്കാലത്ത് നാട്ടിൽപോകാതെ ഓട്ടോ ഓടിച്ച് വരുമാനം കണ്ടെത്താനാണ് അസൂമി കാക്കിവേഷം ധരിച്ചത്. രണ്ട് മാസം ചങ്കുവെട്ടിയിൽ ഈ സ്‌പെഷ്യൽ ഓട്ടോ ഡ്രൈവറുടെ സേവനമുണ്ടാകുമെന്ന് സാരം. എട്ടുവർഷം മുമ്പ് തന്നെ ഇദ്ദേഹം മലപ്പുറത്ത് എത്തിയിട്ടുണ്ട്. വേങ്ങരയിലായിരുന്നു ആദ്യം ജോലി. പിന്നീട് കോട്ടക്കലിലെ സ്ഥാപനത്തിൽ ഇംഗ്ലീഷ് ഭാഷയിൽ രണ്ടുവർഷം പരിശീലകനായി. അവിടെ നിന്നാണ് താത്കാലികമായ ഒരു കരിയർ ചേഞ്ച് അസൂമിയുടെ മനസിൽ വന്നത്. കോട്ടക്കലിൽ ജോലി ചെയ്യുന്ന സമയത്ത് സ്ഥാപന ഉടമയായ കാവതികളം സ്വദേശി ചെമ്മുക്കൻ ഹംസയുമായി സഹോദര ബന്ധം സ്ഥാപിച്ചു.
സാധാരണ വേനലവധിക്കാലത്ത് നാട്ടിൽപോകാറുള്ള ഇദ്ദേഹം രണ്ട് മാസക്കാലം പാർട്ട് ടൈം ജോലി തിരഞ്ഞെടുക്കാനാണ് ആഗ്രഹിച്ചത്. രണ്ടുമാസത്തേക്ക് ജോലി നോക്കുന്നുവെന്ന് അറിഞ്ഞതോടെ ഹംസ ഓട്ടോ വാങ്ങി കൊടുക്കുകയായിരുന്നു. കോട്ടക്കൽ എടരിക്കോട് പെർമിറ്റിലുള്ളതാണ് വാഹനം. ഹംസയാണ് തന്നെയാണ് ഇപ്പോൾ അസൂമിയുടെ വഴികാട്ടിയും ഉറ്റ സുഹൃത്തും. കഴിഞ്ഞ വർഷം മാതാവ് മരിച്ചതിനെ തുടർന്ന് നാട്ടിൽപോയ ഇദ്ദേഹം ഇത്തവണ പാർട്ട് ടൈം ജോബ് തിരഞ്ഞെടുക്കുകയായിരുന്നു. മുതിർന്ന സഹോദരൻ നാട്ടിൽ അധ്യാപകനാണ്. രണ്ട് സഹോദരിമാരടക്കം ആറുപേരടങ്ങുന്നതാണ് അസൂമിയുടെ കുടുംബം. അധികം മലയാളം വഴങ്ങില്ലെങ്കിലും വഴികളും ഓട്ടോ കൂലി ചോദിക്കാനുമൊക്കെ അസൂമി പഠിച്ചുകഴിഞ്ഞു.