സ്കൂൾ കുട്ടികളേ നിങ്ങൾക്കായി ഒരു നെയിം സ്ലിപ്പ്, 'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ', ലഹരി വിരുദ്ധ അവബോധം

Published : May 31, 2025, 10:58 PM IST
സ്കൂൾ കുട്ടികളേ നിങ്ങൾക്കായി ഒരു നെയിം സ്ലിപ്പ്, 'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ', ലഹരി വിരുദ്ധ അവബോധം

Synopsis

സിനിമാ താരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും കാരിക്കേച്ചറുകളും ക്യാപ്ഷനുകളും ഉൾപ്പെടുത്തിയാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ലഹരിയ്‌ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്. 

പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും കാരിക്കേച്ചറില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം പലപ്രാവശ്യം ബുക്കുകള്‍ നോക്കുന്നതിലൂടെ ഇതിലെ സന്ദേശം പല പ്രാവശ്യം കുട്ടികളിലെത്തിക്കാനും സാധിക്കും. അതിലൂടെ പുതുതലമുറയില്‍ ലഹരിയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേക്ക് എഎംആര്‍ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആലപ്പുഴ ജില്ലയില്‍ എഎംആര്‍ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

ലഹരിയ്‌ക്കെതിരെയും മരുന്നുകളുടെ അനാവശ്യ ഉപയോഗത്തിനെതിരേയും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനകളിലൂടെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് നടപ്പിലാക്കി വരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പരിശോധന; 380 ഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ