ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published Dec 13, 2019, 2:41 PM IST
Highlights

കഴിഞ്ഞ മാസമായിരുന്നു സംഭവം. പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്‍റെ മൃതദേഹമാണ് പിക്കപ്പ് വാനിൽ വീട്ടിലേക്ക് കൊണ്ടുപോവേണ്ടി വന്നത്.

ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് കിട്ടാത്തതിനാൽ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോവേണ്ടി വന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ദില്ലി സ്വദേശി വിപിനാണ് പരാതി നൽകിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്‍റെ മൃതദേഹമാണ് പിക്കപ്പ് വാനിൽ വീട്ടിലേക്ക് കൊണ്ടുപോവേണ്ടി വന്നത്.

കഴിഞ്ഞ മാസമായിരുന്നു സംഭവം. പള്ളിക്കുന്നിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് ആശുപത്രി ആംബുലൻസ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്. സമീപത്തെ ആശുപത്രികളിലും, ഫയർഫോഴ്സിന്റെ ആംബുലൻസിനായും നോക്കിയെങ്കിലും അതും ലഭ്യമായില്ല. അതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ പിക്കപ്പ് വാൻ വിളിക്കേണ്ടി വന്നത്. 

മൃതദേഹം എത്രയും വേഗം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ദേഷ്യപ്പെട്ടെന്നും, മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് വാന്‍ വിളിച്ചതെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. മേഖലയിൽ ആംബുലൻസ് കുറവെന്ന കാര്യം ആരോഗ്യവകുപ്പിനെ പലകുറി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 

click me!