മൂന്ന് മാസം മുൻപ് തമിഴ്നാട് നാഗർകോവിലിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ വൈറ്റിലയിൽ കണ്ടെത്തിയ ഡോക്ടറെ, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.

കൊച്ചി: മാസങ്ങൾക്ക് മുൻപ് തമിഴ്നാട് നാഗർകോവിലിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി. മൂന്ന് മാസം മുൻപാണ് 39കാരിയായ ഡോക്ടറെ കാണാതായത്. ഫെബ്രുവരി ഒന്നാം തിയ്യതി രാത്രി 10 മണിയോടെ വൈറ്റില ഹബ്ബിൽ ഇരുന്ന് കരയുന്ന യുവതിയെ കണ്ടവരാണ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. കൺട്രോൾ റൂം സംഘമെത്തി ഇവരെ വനിതാ സ്റ്റേഷനിലെത്തിച്ചു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമായിരുന്നു ഇവർക്ക് ഓർമയുണ്ടായിരുന്നുള്ളൂ. തുടർന്ന് ഇവരെ കാക്കനാട്ടെ കേന്ദ്രത്തിൽ പാർപ്പിച്ചു. വനിതാ സ്റ്റേഷൻ എസ്.ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ശർമിളയും സി.പി.ഒമാരായ അമൃത, വീണ എന്നിവരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി താമസിച്ചിരുന്ന സൗത്ത് ജനതാ റോഡിലെ പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ബാഗ്, ഫോൺ, ആധാർ കാർഡ് തുടങ്ങിയ കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിൽ നിന്നും മറ്റൊരു ഫോൺ നമ്പർ എടുത്ത് ബന്ധപ്പെട്ടു. വനിതാ ഡോക്ടറുടെ മുൻ ഭർത്താവിന്റെ നമ്പറായിരുന്നു കണ്ടെത്തിയത്. മനഃശാസ്ത്ര വിദഗ്ധനായ യുവാവും യുവതിയും ബന്ധം വേർപിരിഞ്ഞതാണെന്ന് അറിയിച്ചു. അദ്ദേഹം യുവതിയുടെ മാതാപിതാക്കളുടെ നമ്പർ കൈമാറുകയും ചെയ്തു.

ഉടനെ മാതാപിതാക്കളെ ബന്ധപ്പെട്ടു. അപ്പോഴാണ് ഡോക്ടറെ കാണാതായെന്ന് കാണിച്ച് മൂന്ന് മാസം മുൻപ് നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് അറിയിച്ചത്. വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസ് നാല് ദിവസം മുൻപ് ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ യുവതിയെ കണ്ടെത്താകാനാകാതെ നിരാശരായ മടങ്ങിയിരുന്നു. സിറ്റി പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസും മാതാപിതാക്കളുമെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി.