
തൃശ്ശൂർ: ദേശീയപാത 66 നാട്ടിക ടോള് പ്ലാസയിലെ സമരത്തിനുമുമ്പ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് റോഡ് അടച്ചതിനെ തുടര്ന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഗുരുവായൂര് ഭാഗത്തേക്കുള്ള വാഹനങ്ങള് നാട്ടികയില്നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ റോഡിലൂടെ തളിക്കുളം പത്താംകല്ലിലും സെന്ററിലും എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള് തളിക്കുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് ഈസ്റ്റ് ടിപ്പുസുൽത്താന് റോഡിലൂടെ സഞ്ചരിച്ച് തൃപ്രയാറിലും എത്തിച്ചേര്ന്നു.
ടോള്പ്ലാസ മാര്ച്ചിനെ തുടര്ന്ന് മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസങ്ങളിലും പൊലീസ് ദേശീയ പാതയിലെ ഗതാഗതം തടഞ്ഞിരുന്നു. തുടര്ച്ചയായ പൊലീസിന്റെ ഗതാഗതം തടസ്സപ്പെടുത്തല് നാട്ടുകാരില് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 9.30 ന് എല്ഡിഎഫ് മാര്ച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒമ്പതേ കാലിനുതന്നെ ടോള് പ്ലാസയ്ക്ക് സമീപം ദേശീയപാതയില് പൂര്ണമായും ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ഗതാഗതം തടഞ്ഞു ഈ സമയം ടോള് പ്ലാസയ്ക്ക് അടുത്തെത്തിയവാഹനങ്ങള് തിരിച്ചു പോകേണ്ടി വന്നു.
പത്തുമണിക്കാണ് എല്.ഡി.എഫ് ഉപരോധമാരംഭിച്ചത്. എല്.ഡി.എഫ് ഉപരോധത്തിന് ശേഷം യു.ഡി.എഫിന്റെ ഉപരോധവും ഉണ്ടായി. ഈ സമരങ്ങളെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 12 നാണ് ബാരിക്കേഡുകള് നീക്കി വാഹനങ്ങളെ കടത്തിവിട്ടത്. അതേസമയം റോഡ് തടയുമെന്ന് പ്രതിഷേധക്കാര് പറഞ്ഞിട്ടില്ല. ദേശീയപാതയുടെ നിര്മ്മാണം പൂര്ത്തിയാകുന്നത് വരെ ടോള് പിരിക്കുന്നത് തടയുമെന്നാണ് സമര രംഗത്തുള്ള സംഘടനകള് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല് പൊലീസ് തന്നെ ഗതാഗതം തടഞ്ഞ് യാത്രക്കാരെ വലയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam