
കല്‍പ്പറ്റ: വെറും 15 ദിവസമെടുത്ത് നിര്‍മിച്ച വയനാട്ടിലെ ആദ്യ പ്രകൃതി സൗഹൃദ വീട് ഇന്ന് പത്തുമ്മക്ക് കൈമാറും. തിരുവനന്തപുരം ഉറുവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ തണലിന്റെ നേതൃത്വത്തിലാണ് വീടൊരുക്കിയത്. കാലവര്‍ഷക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട എഴുപതുകാരിയായ കളത്തിങ്കല്‍ വീട്ടില്‍ പാത്തുമ്മക്കും ഏഴംഗ കുടുംബത്തിനുമാണ് വീട് ലഭിക്കുന്നത്. ആറുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച പാത്തുമ്മയുടെ മകളുടെ വിവാഹമാണ് ഒക്ടോബര്‍ ഏഴിന്.
ഇക്കാര്യം കൂടി പരിഗണിച്ചാണ് ആദ്യവീട് ഇവര്‍ക്ക് നല്‍കുന്നത്. 15 ദിവസം കൊണ്ടാണ് കേരള മാതൃകയില്‍ വീട് നിര്‍മിച്ചത്. ഗുണമേന്മ കൂടിയ സിമന്റ് ഫൈബര്‍ ബോര്‍ഡ്, ജി.ഐ, എം.എസ് പൈപ്പുകള്‍, റൂഫ് സിസ്റ്റം എന്നിവയിലൂടെ ഉറപ്പും സൗന്ദര്യവും ഒത്തിണക്കി രൂപകല്പന ചെയ്ത വീടിന് ചിലവ് ആറേകാല്‍ ലക്ഷം രൂപയാണ്. നിര്‍മ്മാണ സാമഗ്രികളൊന്നും നഷ്ടപ്പെടാതെ തന്നെ അഴിച്ചുമാറ്റി മറ്റൊരിടത്ത് വീട് പുനര്‍നിര്‍മ്മിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വീടിന്റെ താക്കോല്‍ ദാനം രാവിലെ പത്തിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പൊഴുതന പഞ്ചായത്തിലെ ആറാംമൈലില്‍ നിര്‍വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
പൊഴുതന പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സര്‍വേയിലൂടെയാണ് തണല്‍ വളണ്ടിയര്‍മാര്‍ പാത്തുമ്മയേയും കുടുംബത്തെയും കണ്ടെത്തിയത്. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ഹാബിറ്റേറ്റ് ഗ്രൂപ്പ് ഫൗണ്ടര്‍ ആന്‍ഡ് ചീഫ് ആര്‍കിടെക്ട് ജി. ശങ്കര്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ പഞ്ചായത്ത് അംഗം പി.എം വിമല, പൊഴുതന പഞ്ചായത്ത് അംഗം സക്കീന മുജീബ്, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ഉര്‍വി ഫൗണ്ടേഷന്‍ ചീഫ് ഹസന്‍ നസീഫ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam