
കല്‍പ്പറ്റ: കനത്തമഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച മുതല്‍ ഇതുവഴി വാഹനങ്ങള്‍ക്ക് ഓടാം. എന്നാല്‍ 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മാത്രമെ ചുരംവഴി കടന്നു പോകാനാകൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ണ്ണമായും കഴിഞ്ഞാല്‍ മാത്രമെ 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരെ 6.27 കിലോമീറ്ററാണ് പാല്‍ച്ചുരത്തിന്റെ ദൂരം.
ഇതില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ ദുരം റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ ഒഴുകി പോകുകയും പാര്‍ശ്വഭിത്തി ഇടിഞ്ഞ് തകരുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതര്‍ ചുരം റോഡിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍ണ്ണമായും ഒഴുകി പോയ 50 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. ഞായറാഴ്ച ചുരത്തിലൂടെ ബസ് ട്രയല്‍ റണ്‍ നടത്തുകയും ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.
പാര്‍ശ്വഭിത്തി വലിയ തോതില്‍ തകര്‍ന്ന ചിലയിടങ്ങളില്‍ ഗതാഗതം നിയന്ത്രണം തുടരും. ഇവിടങ്ങളില്‍ ഒരേ സമയം ഒരു വാഹനം മാത്രമെ കടത്തിവിടൂ. ഇത്തരം ഭാഗങ്ങളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിച്ച് മാത്രമെ വാഹനങ്ങള്‍ കടന്നു പോകാന്‍ പാടുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് വടകര ചുരം ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.പ്രശാന്ത് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam