
കാസര്‍കോട്: റോഡില്‍ കൂടി സൈക്കളോടിക്കുന്നതിന് ലൈസന്‍സ് വേണോ ? വേണമെന്നാണ് കാസര്‍കോട് നിന്നുള്ള വാര്‍ത്ത. റോഡില്‍ കൂടി സൈക്കിലോടിച്ചതിന് ഇതര സംസ്ഥാനത്തൊഴിലാളിക്ക് ഹൈവേ പോലീസ് പിഴയിട്ടത് 500 രൂപ.
ഉത്തര്‍പ്രദേശ് സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെ (26) യാണ് കാസർകോട് വെച്ച് ഹൈവേ പോലീസ് പിടികൂടി പിഴയിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ 9.30 മണിക്ക് മംഗല്‍പാടി സ്‌കൂളിനടുത്ത് വെച്ച് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പോലീസ് തടഞ്ഞ് നിര്‍ത്തി പിഴയീടാക്കുകയായിരുന്നുവെന്നാണ് കാസിം പറയുന്നത്.
പോലീസ് നല്‍കിയ റസീപ്റ്റില്‍ രേഖപ്പെടുത്തിയത് കെ എല്‍ 14 ക്യു 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറാണ്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റില്‍ ഈ നമ്പറില്‍ സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൈക്കളിന്‍റെ ടയര്‍ പോലീസ് കുത്തിക്കീറിയതായി കാസിം പറഞ്ഞു. സിമന്‍റ് തൊഴിലാളിയായ കാസിമിന് 400 രൂപയാണ് ദിവസക്കൂലി. സൈക്കിള്‍ നന്നാക്കാന്‍ കാസിമിന് ഇനി വേറെ തുക കണ്ടെത്തേണ്ട അവസ്ഥയാണ്. അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പോലീസ് നല്‍കിയ റസീപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam