
ഇടുക്കി: കാലവർഷത്തിന് അല്പം ശമനമായത്തോടെ രാജമലയിൽ നീലക്കുറുഞ്ഞികൾ മൊട്ടിട്ടു തുടങ്ങി. മഴ മാറി നിന്നാൽ ദിവസങ്ങൾക്കുള്ളിൽ രാജമലയിൽ നീലവസന്തമെത്തും. ആയിരക്കണക്കിന് നീലക്കുറുഞ്ഞി ചെടികളാണ് മലയുടെ അടിവാരങ്ങളിലും കുന്നിൽ ചെരുവുകളിലും മൊട്ടിട്ട് പൂക്കാൻ കാത്തിരിക്കുന്നത്.
മഴക്ക് അല്പം ശമനമായതോടെയാണ് ചെടികൾ മൊട്ടിട്ടു തുടങ്ങിയത്. ചില ചെടികൾ പൂക്കുകയും ചെയ്തിട്ടുണ്ട്. കോട വിരിച്ചു നിൽക്കുന്ന കുന്നിൻ ചെരുവുകളിൽ ഊർന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും പാർക്കിന്റ ഭംഗി വർദ്ധിക്കുകയാണ്. തന്നയുമല്ല നീലഗിരിത്താർ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വരയാടുകളെ തൊട്ടടുത്ത് കാണാന് കഴിയുമെന്നതും രാജമലയുടെ മുഖ്യആകര്‍ഷണമാണ്. എട്ടു ലക്ഷത്തോളം സന്ദർശകരെയാണ് ഇത്തവണ ടൂറിസം വകുപ്പ് മൂന്നാറിൽ പ്രതീക്ഷിയിക്കുന്നത്. ഇവർക്കായി ഓലയിലും ചൂരലുകളിലും തീർത്ത ഇരിപ്പിടങ്ങളും, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ഇ-ടോയലറ്റുകളുടെ പണികളും അവസാനഘട്ടത്തിലാണ്.
നിലവിൽ സന്ദർശകരുടെ വരവ് കുറവാണെങ്കിലും വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. പാർക്കിലെത്തുന്നവർ ആടുകളുമൊത്ത് സെൽഫി എടുത്തും പ്രകൃതിയുടെ മനോഹാരിത കാമറയിൽ പകർത്തിയുമാണ് മടങ്ങുന്നത്. കുറുഞ്ഞി പൂക്കൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പാർക്കിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൂക്കൾ പറിക്കുകയോ ചെടികൾ പിഴുതെടുക്കുകയോ ചെയ്താൽ സ്പോട്ടിൽ രണ്ടായിരം രൂപ പിഴ നൽകേണ്ടി വരും. മൺസൂൺ ആസ്വാദിക്കാൻ അറബികൾ എത്തുമെന്ന് കരുതിയെങ്കിലും ഇവരുടെ എണ്ണത്തിൽ കുറവായതായി ജില്ലാ ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ, ഓണത്തോട് അനുബന്ധിച്ച് ഇവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam