നീലക്കുറിഞ്ഞി കാണാന്‍ വന്‍തിരക്ക്; ഗതാഗതകുരുക്കില്‍ മുറുകി മൂന്നാര്‍

Published : Oct 01, 2018, 11:40 PM IST
നീലക്കുറിഞ്ഞി കാണാന്‍ വന്‍തിരക്ക്; ഗതാഗതകുരുക്കില്‍ മുറുകി മൂന്നാര്‍

Synopsis

നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സന്ദർശകരുടെ കുത്തൊഴുക്ക്. ഒരാഴ്ചക്കിടെ കൊലുക്കുമലയും രാജമലയും സന്ദർശിച്ചത് 30000 പേർ. തിരക്ക് വർദ്ധിച്ചതോടെ കൂടുതൽ സൗകര്യമൊരുക്കുന്നതിന്‍റെ തിരക്കിലാണ് ഡി.റ്റി.പി.സിയും വനപാലകരും. 

ഇടുക്കി: നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സന്ദർശകരുടെ കുത്തൊഴുക്ക്. ഒരാഴ്ചക്കിടെ കൊലുക്കുമലയും രാജമലയും സന്ദർശിച്ചത് 30000 പേർ. തിരക്ക് വർദ്ധിച്ചതോടെ കൂടുതൽ സൗകര്യമൊരുക്കുന്നതിന്‍റെ തിരക്കിലാണ് ഡി.റ്റി.പി.സിയും വനപാലകരും. ഒരു പതിറ്റാണ്ടിലധികമുള്ള കാത്തിരുപ്പിന് ശേഷം എത്തിയ കുറിഞ്ഞി വസന്തം പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയെങ്കിലും റോഡ് ഗതാഗതമടക്കം പുനസ്ഥാപിച്ചതോടെ സഞ്ചാരികളുടെ കടന്നുവരവില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

മൂന്നാർ രാജമലയിൽ പുലർച്ചെ തുടങ്ങുന്ന ക്യു വൈകുന്നേരവും തുടരുന്നു. യുവാക്കൾ ഏറ്റവും അധികം സന്ദർശനത്തിനെത്തുന്നത് കൊളുക്കുമലയായതിനാൽ ഇവിടെയും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പ്രകൃതി മനോഹാരിതയുടെ നടുവില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ സമുദ്ര നിരപ്പില്‍ നിന്നും എണ്ണായിരം അടി ഉയരത്തില്‍ നില്‍ക്കുന്ന ഇവിടുത്തെ നീലക്കുറിഞ്ഞി കാണുന്നതിന് സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ സവാരി ജീപ്പുകളുടെ എണ്ണം തികയാത്ത അവസ്ഥയാണ്. ഇതേതുടര്‍ന്ന് ഡി റ്റി പി സി സൂര്യനെല്ലിയിലെ ടിക്കറ്റ് കൗണ്ടറില്‍ ടോക്കൺ സംവിധാനം ഏര്‍പ്പെടുത്തി. സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനും സൗകര്യമൊരുക്കുമെന്നും ജീവവനക്കാര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രകൃതി മനോഹാരിത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ കൊളുക്കുമല തേടിയെത്തിയതോടെ  ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗിന് വേണ്ട സൗകര്യവുമില്ല. ഇത് സന്ദര്‍ശകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാജമലയിലേക്കുള്ള ടിക്കറ്റ് കൗണ്ടർ പഴയ മൂന്നാറിലെ ഹൈ ആൾട്ടിട്ട്യൂഡ് ട്രൈനിങ്ങ് സെന്‍ററിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ സന്ദർശകർക്ക് അല്പനേരം വിശ്രമിക്കുന്നതിനോ ഇരിക്കുന്നതിനോ പോലും സൗകര്യമില്ല. ക്യുവിൽ നിൽക്കുന്നവർ വെയിലും മഴയും കൊണ്ട് മണിക്കൂറുകളാണ് ' പ്രവേശന ടിക്കറ്റിനായി നിൽക്കുന്നത്.

ടിക്കറ്റ് വാങ്ങുന്നവർ സ്വന്തം വാഹനം അവിടെ നിർത്തി മറ്റൊരു വാഹനത്തിൽ 25 രൂപ മുടക്കി അഞ്ചാം മൈയിലെത്തി അവിടെ നിന്ന് വനം വകുപ്പിന്‍റെ വാഹനത്തിൽ വേണം പാർക്കിലെത്താന്‍. അതായത് പാർക്കിലെത്താൻ സന്ദർശകർക്ക് ഒരു ദിവസം മൂന്ന് വാഹനങ്ങൾ മാറികയറണം. നിലവിൽ ടിക്കറ്റ് കൗണ്ടറും അടിസ്ഥാന സൗകര്യങ്ങളും രാജമലയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന്‍റെ പേരിൽ ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം. വർഷങ്ങളായി സന്ദർശകർ സ്വന്തം വാഹനത്തിൽ രാജമലയിലെത്തി അവിടെ നിന്നും വനംവകുപ്പിന്‍റെ വാഹനത്തിൽ പാർക്ക് സന്ദർശിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ജില്ലാ കളക്ടറുടെ ട്രാഫിക്ക് പരിഷ്കാരമാണ് സന്ദർശകർക്ക് തിരിച്ചടിയായിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി