
ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയം ദിവസം അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് കൊപ്പാറ കിഴക്കതിൽ ചന്ദ്രനെയാണ് (67) പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ശ്യാമിലാൽ നിവാസിയിൽ മോഹനൻ (67) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. പ്രതി ചന്ദ്രന്റെ ഭാര്യ ലളിതയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്. അന്ന് വൈകുന്നേരം മദ്യപിച്ചെത്തിയ ചന്ദ്രൻ, മോഹനന്റെ വീട്ടിലെത്തി തന്റെ ഭാര്യ മൂന്നു ദിവസമായിട്ടും വീട്ടിൽ വന്നില്ലെന്ന് പറഞ്ഞു മോഹനനും വീട്ടുകാരുമായി തർക്കത്തിലായി. ഇതിനിടയിൽ പോലീസിനെ വിളിക്കുമെന്ന് മോഹനൻ പറഞ്ഞപ്പോൾ, പ്രകോപിതനായ പ്രതി അവിടെ കിടന്ന കസേര എടുത്ത് മോഹനന്റെ തലയ്ക്കു അടിക്കുകയായിരുന്നു.
പിടിച്ചു മാറ്റാൻ ചെന്ന ഭാര്യ ശീലയെയും കസേര കൊണ്ട് അടിച്ചു നിലത്തിട്ടു. തുടർന്ന് കുഴഞ്ഞുവീണ മോഹനനെ ഉടൻതന്നെ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എസ്.എച്ച്.ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീകുമാർ, ഷൈജ ഉദയൻ പോലീസ് ഉദ്യോഗസ്ഥരായ അജയൻ, സുരേഷ്, നിഷാദ്, പ്രദീപ് ഉണ്ണികൃഷ്ണൻ, അനീഷ്, സജാദ് അതുല്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam