
മൂന്നാർ: വീട് നിർമ്മാണത്തിനായി അയൽവാസി ആഴത്തിൽ മണ്ണ് നീക്കം ചെയ്തതോടെ ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ ആയെന്ന് പരാതി. ഇടുക്കി സേനാപതി സ്വദേശി ചൂരക്കുഴിയിൽ മഞ്ജു ജോസഫും കുടുംബവുമാണ് ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന വീട്ടിൽ കഴിയുന്നത്. നാല് വർഷം മുൻപാണ് മഞ്ജുവിൻറെ അയൽവാസി പുതിയ വീട് നിർമ്മിക്കാൻ ഇവരുടെ വീടിനടുത്തു നിന്ന് മണ്ണ് നീക്കം ചെയ്തത്. പതിനഞ്ച് അടിയോളം താഴ്ചയിൽ മണ്ണ് നീക്കി. വീട് പണി പൂർത്തിയാകുമ്പോൾ സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകും എന്നായിരുന്നു അയൽവാസിയുടെ വാഗ്ദാനം.
കഴിഞ്ഞ ജൂലൈയിൽ സംരക്ഷണ ഭിത്തിയുടെ പണി തീർക്കുമെന്ന് കരാറുമെഴുതി. എന്നാൽ വീട് പണി പൂർത്തിയായി പലതവണ ആവശ്യപെട്ടിട്ടും മതിൽ കെട്ടാനുള്ള നടപടി ഉണ്ടായില്ല. മഴക്കാലം പലത് കഴിഞ്ഞതോടെ മണ്ണ് താഴേക്കിരുന്ന് ചുമരുകൾ വിണ്ടു കിറിയും തറ ഇടിഞ്ഞു താഴ്ന്നും വീട് അപകടാവസ്ഥയിലുമായി. മഴക്കാലത്തു വെള്ളമിറങ്ങി മണ്ണിടിഞ്ഞാൽ വലിയ ദുരന്തമുണ്ടാകും. സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകണമെന്ന് ആവശ്യപെട്ട് ഇവർ നവ കേരള സദസിലും കളക്ടർക്കുമൊക്കെ പരാതി നൽകി. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ മാറിത്താമസിക്കാനാണിപ്പോൾ മഞ്ജു ജോസഫിനോടും കുടുംബത്തിനോടും നിർദ്ദേശിച്ചിരിക്കുന്നത്.
മഞ്ജുവും അമ്മയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസിയ്ക്കുന്നത്. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന കുടുംബത്തിന് വാടകയ്ക്കു മാറാനോ ലക്ഷങ്ങൾ മുടക്കി സംരക്ഷണ ഭിത്തി നിർമ്മിയ്ക്കാനോ കഴിയില്ല. അതേ സമയം സ്ഥലം വാങ്ങുമ്പോഴേ മണ്ണ് നീക്കം ചെയ്തിരുന്നതാണെന്നും കോൺട്രാക്ട് പണിയിൽ നഷ്ടം ഉണ്ടായതിനെ തുടർന്ന് സാമ്പത്തിക ബാധ്യതയിലായതിനാലാണ് കരാർ പ്രകാരം സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതെന്നുമാണ് അയൽവാസിയായ അജി പറയുന്നത്.
Read More : കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു