അയൽവാസികൾ തമ്മിൽ തർക്കം, ദളിത് യുവതിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു, കൈ തല്ലിയൊടിച്ചുവെന്നും പരാതി

By Web TeamFirst Published Dec 21, 2020, 11:21 PM IST
Highlights

വളർത്തുനായയെ ചങ്ങലയോടെ തൂക്കിയെടുത്ത് അടിച്ചുകൊന്നതായും പരാതിയിൽ പറയുന്നു...

ആലപ്പുഴ: അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ദലിത് യുവതിക്ക് നേരെ അക്രമണം. ശരീരത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും പിന്നീട്  കമ്പിവടിക്ക് കൈ തല്ലി ഒടിക്കുകയും ചെയ്തതായി പരാതി. വീട്ടിലെ വളർത്തുനായയെ ചങ്ങലയോടെ തൂക്കിയെടുത്ത് അടിച്ചുകൊന്നതായി പരാതിയുണ്ട്'.  കായംകുളംകൃഷ്ണപുരം, പുള്ളികണക്ക് ,കറുകത്തറയിൽ സരിതയാണ് (23) അക്രമണത്തിനിരയായത്. 

കഴിഞ്ഞ 16 നായിരുന്നു സംഭവം. ഒരാഴ്ചയായി സരിത സ്ഥലത്തില്ലായിരുന്നു. ഇവർ വീട്ടിലെത്തിയപ്പോൾ വീടിൻ്റെ കതക് പൊളിച്ച് അകത്തു കയറിയ ചിലർ സാധനങ്ങൾ കവർന്നതായും ഇതേ ചൊല്ലി അയൽവാസിയുമായുണ്ടായ നിസാര തർക്കവുമാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് പറയപ്പെടുന്നത്. 

തർക്കത്തിനിടെ അയൽപ്പക്കക്കാർ സരിതയുടെ ദേഹത്തേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നു. ഇതിന് കായംകളം ഗവ:താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം പൊലീസിൽ പരാതിയും നൽകി. തുടർന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയവർ ഉൾപ്പെടെ 30 ഓളം വരുന്ന സംഘം തന്നെ അക്രമിച്ചതെന്ന് സരിത പറയുന്നു. 

ജീവരക്ഷാർത്ഥം ഓടി വീട്ടിൽ കയറിയപ്പോൾ കതക് തകർത്ത് അകത്ത് കയറിയും അക്രമിക്കുകയായിരുന്നു. കമ്പിവടിക്കുള്ള അടിയേറ്റ് ഇവരുടെ കൈക്ക് രണ്ടിടത്ത് പൊട്ടലുണ്ടായി. പൊലീസാണ് ഇവരെ ആശുപത്രിയിൽ പോകാൻ സഹായിച്ചത്. ഇതിനിടെയിലാണ് കെട്ടിയിട്ടിരുന്ന നായയെ തുടലോടെ തൂക്കി അടിച്ചുകൊന്നത്. തുടർന്ന് സമീപത്തെ വയലിലേക്ക് എറിഞ്ഞു. 

സ്ഥലത്തെ ബി.ജെ.പി, ആർ എസ് ,എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ബി.ജെ.പി ഉന്നതകേന്ദ്രങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടാക്കുന്നതായും യുവതി ആരോപിച്ചു. എന്നാൾ യുവതിയെ കുറിച്ചും നിരവധി പരാതികൾ നിലനിൽക്കുന്നതായി പ്രദേശവാസികളും പറഞ്ഞു. കായംകുളം പൊലീസ് എസ് സി, എസ് റ്റി നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.

click me!