സഞ്ചാരികളേ ഇതിലേ... ഇതിലേ; ആറ്റുകാട്ടില്‍ പുതിയ പാലം വരുന്നു

By Web TeamFirst Published Nov 4, 2018, 4:28 PM IST
Highlights

കമ്പനിയുടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന മുവായിരത്തോളം തൊഴിലാളികളാണ് ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപത്തെ എസ്റ്റേറ്റുകളില്‍ താമസിക്കുന്നത്

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലത്തിന്‍റെ പണികള്‍ ആരംഭിച്ചു. ഒന്‍പത് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന പാലത്തിന്‍റെ പണികള്‍ കമ്പനിയുടെ നേത്യത്വത്തിലാണ് നടക്കുന്നത്. പ്രളയത്തില്‍ മുതിരപ്പുഴയാറില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളമാണ് ആറ്റുകാട് വെള്ളച്ചാട്ടത്തിന് കുറുകെ സ്ഥാപിച്ചിരുന്ന പാലം തകര്‍ത്തത്.  

ഹെഡ്വര്‍ക്സ് ജലാശയം തുറന്നുവിട്ടതോടെ വെള്ളം ക്രമാതീതമായി ആറ്റുകാട് വെള്ളച്ചാട്ടത്തിലേക്ക് കുതിച്ചെത്തി. ഇതോടെ ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം ഓര്‍മ്മയാകുകയും ചെയ്തു. പില്ലറുകളൊന്നിനും അപകടം സംഭവിച്ചില്ലെങ്കിലും ഇതിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്ലാബുകള്‍ ഒലിച്ചുപോയി.

മൂന്ന് മാസമായി കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് വിദ്യാര്‍ത്ഥികളടക്കം സ്‌കൂളുകളില്‍ എത്തുന്നത്. കമ്പനിയുടെ നേത്യത്വത്തില്‍ പാലത്തിന്‍റെ പണികള്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചെങ്കിലും മാട്ടുപ്പെട്ടി ജലാശയം തുറന്നത് തിരിച്ചടിയായി.

നീരൊഴുക്ക് കുറഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണങ്ങള്‍  ആരംഭിച്ചത്.  പാലത്തിന്‍റെ മുകള്‍ ഭാഗം വാര്‍ക്കുന്നതടക്കമുള്ള പണികള്‍ പുരോഗമിക്കുകയാണ്. കമ്പനിയുടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന മുവായിരത്തോളം തൊഴിലാളികളാണ് ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപത്തെ എസ്റ്റേറ്റുകളില്‍ താമസിക്കുന്നത്.

തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്നതാകട്ടെ മൂന്നാറിലെ സ്‌കൂളുകളിലും. പാലം തകര്‍ന്നതോടെ സ്‌കൂള്‍ ബസടക്കമുള്ളവ കടന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കുകയും ചെയ്തു. വെള്ളച്ചാട്ടം കാണുന്നതിന് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. പാലം തര്‍ന്നതോടെ സന്ദര്‍ശകരുടെ വരവും നിലച്ചു.

click me!