
കല്‍പ്പറ്റ: പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയാറാതിരുന്ന വയനാട് പുത്തുമല ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക്
ഒടുവില്‍ ശാപമോക്ഷം. നാട്ടുകാരുടെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇത്തവണ അധ്യായനം തുടങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷകാലമായി വനം വകുപ്പ് ഓഫീസിലും അങ്കണവാടിയിലുമാണ് ഇവിടുത്തെ കുട്ടികള്‍ പഠിച്ചിരുന്നത്.
2019ലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരാണ് പുത്തുമലക്കാര്‍. അവര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുത്തുമല സ്‌കൂളും പിന്നീട് തുറന്നില്ല. വീണ്ടും ദുരന്ത സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് പുത്തുമലയിലെ സ്‌കൂള്‍ കെട്ടിടം അടച്ചുപൂട്ടിയത്. പിന്നീട് സ്‌കൂളിന്റെ പ്രവര്‍ത്തനം വനം വകുപ്പ് ഓഫീസിലും അവിടെ നിന്ന് ഏലവയല്‍ അങ്കണവാടിയിലേക്കും മാറ്റി. ഉടന്‍ പുതിയ സ്‌കൂള്‍ നിര്‍മ്മിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സ്ഥലം കണ്ടെത്താന്‍ പോലും സര്‍ക്കാരിന് ആയില്ല. എന്നാല്‍ ദുരന്തത്തെ അതിജീവിച്ച പുത്തുമലക്കാര്‍ക്ക് തോറ്റുകൊടുക്കാന്‍ മനസ്സുണ്ടായിരുന്നില്ല.
നാട്ടുകാരും പ്രവാസി കൂട്ടായ്മയും ചേര്‍ന്ന് പുത്തുമലയ്ക്ക് സമീപം പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. സൗകര്യങ്ങള്‍ കുറവാണെങ്കിലും മൂന്ന് വര്‍ഷം അനുഭവിച്ച വീര്‍പ്പുമുട്ടലിന് പരിഹാരമായി. ഹാരിസണ്‍ എസ്റ്റേറ്റിലെ 50 സെന്റ് സ്ഥലത്താണ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. ഈ അധ്യായന വര്‍ഷം 80 കുട്ടികളെങ്കിലും പുതിയ സ്‌കൂളിലെത്തുമെന്നാണ് പ്രതീക്ഷ. കെട്ടിടമായെങ്കിലും സ്‌കൂളിന് ചുറ്റുമതില്‍ വേണം, കളി സ്ഥലം ഒരുങ്ങണം, ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകണം. പുത്തുമലയിലെ കുട്ടികള്‍ ഇതിനൊക്കെ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും.
പുത്തൻതോട് നിലനിർത്തി യുഡിഎഫ്, കോട്ടയം നഗരസഭയിൽ ഭരണം തുടരും