
കട്ടപ്പന: സംസ്ഥാനത്ത് പുതിയ ഇനം നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തി. സൈക്കിഡേ കുടുംബത്തില്‍പ്പെടുന്ന 'യുമാസിയ വെനിഫിക്ക' എന്നു പേരുള്ള നിശാശലഭത്തെ ഇടുക്കി കട്ടപ്പനയിലെ നരിയംപാറയിലാണ് കണ്ടെത്തിയത്. 'മന്ത്രവാദിനിത്തൊപ്പി' എന്നര്‍ഥം വരുന്ന 'വെനിഫിക്കസ്' എന്ന വാക്കില്‍ നിന്നാണ് ഇവയ്ക്ക് 'വെനിഫിക്ക' എന്ന സ്പീഷീസ് നാമം ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ യുമാസിയ ജനുസില്‍പ്പെട്ട ഇനമാണിത്. 'യുമാസിയ തോമസി' എന്ന മൂന്നാമത്തെ ഇനത്തെ ഏതാനും മാസം മുമ്പ് ഗവേഷകര്‍ തന്നെ കണ്ടെത്തിയിരുന്നു.
നിശാശലഭത്തിന്റെ ചിറകുകളുടെ നീളം 89 മില്ലി മീറ്ററും ശരീരത്തിന്റെ നീളം മൂന്ന് മില്ലി മീറ്ററും ആണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ലൈക്കണുകളുമായുള്ള സഹവാസമാണ്. ലൈക്കണുകള്‍ പറ്റിപ്പിടിച്ചു വളരുന്ന പാറകളിലാണ് ഇവയെ കണ്ടുവരുന്നത്. ലൈക്കണുകളെ ഭക്ഷണമാക്കുകയും അവയുടെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ശരീരത്തിനു ചുറ്റും കൂടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ ഇവയെ ലൈക്കണുകളില്‍ നിന്നും തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും ഈ സ്വഭാവം ഇവയെ സഹായിക്കുന്നു.
തൃശൂര്‍ സെന്റ് തോമസ് കോളജ് സുവോളജി വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥി എ യു ഉഷ, അധ്യാപികയും റിസര്‍ച്ച് ഗൈഡുമായ ഡോ ജോയ്സ് ജോര്‍ജ്, ജര്‍മന്‍ ഗവേഷകനായ തോമസ് സോബിക്‌സ്, മാള കാര്‍മല്‍ കോളജിലെ അധ്യാപകന്‍ ഡോ ടി ജെ റോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തല്‍ നടത്തിയത്. സൂടാക്സ എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam