വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത: കാടിനെ അടുത്തറിയാൻ നിലമ്പൂരിൽ പുതിയ ടൂറിസം പദ്ധതി

By Web TeamFirst Published Jun 29, 2022, 1:10 PM IST
Highlights

സഞ്ചാരികൾക്ക് കാടിനെയും ഗോത്രജീവിതത്തെയും അടുത്തറിയാൻ സഹായകമാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

മലപ്പുറം: പ്രകൃതി പഠനത്തിനും കാടിനെ അറിയാനുമായി നിലമ്പൂർ മൂത്തേടം ഉച്ചക്കുളം കോളനിയിൽ പുതിയ പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികൾക്ക് അറിവും വിനോദവും പകരുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. സൻസദ് ആദർശ് ഗ്രാം യോജനയിലുൾപ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.വി അബ്ദുൽ വഹാബ് എം.പിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പദ്ധതിയുടെ കരട് ചർച്ച ചെയ്തു. കരട് പദ്ധതി സംസ്ഥാന സർക്കാരിന്റെ ശുപാർശയോടെ അടുത്ത ദിവസം തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. 

സഞ്ചാരികൾക്ക് കാടിനെയും ഗോത്രജീവിതത്തെയും അടുത്തറിയാൻ സഹായകമാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉച്ചക്കുളം കോളനിയുടെ ഭാഗമായ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. കോളനി നിവാസികൾക്ക് അധിക വരുമാനവും കോളനിയുടെ വികസനവും കൂടെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നെടുങ്കയത്ത് നിന്നും കാട്ടിലൂടെ പ്രത്യേക വാഹനത്തിൽ സഞ്ചാരികളെ പദ്ധതി പ്രദേശത്ത് എത്തിക്കും. ദിവസം നിശ്ചിത എണ്ണം ആൾക്കാർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാവുക. വനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിവ് പകരുന്ന മ്യൂസിയം, പഠന കേന്ദ്രം എന്നിവ പദ്ധതിയുടെ ഭാഗമായുണ്ടാവും. 

പരമ്പരാഗത കൃഷി രീതികൾ, കന്നുകാലി വളർത്തൽ ഗോത്രകലകൾ പരിചയപ്പെടൽ എന്നിവയ്‌ക്കെല്ലാം അവസരമുണ്ടാവും. ഗോത്രവിഭാഗക്കാർക്ക് നിർമിച്ച വസ്തുകൾക്ക് വാങ്ങുന്നതിനും അവസരമൊരുക്കും. നിലമ്പൂരിന്റെ ചരിത്രവും നിലമ്പൂർ കാടിന്റെ പ്രാധാന്യവും പശ്ചിമഘട്ടത്തിന്റെ വൈവിധ്യവുമെല്ലാം പകർന്ന് നൽകുന്ന തരത്തിലുള്ള പ്രത്യേക പ്രദർശനവും പദ്ധതിയുടെ ഭാഗമാണ്.  തദ്ദേശസ്ഥാപനങ്ങളുടെയും കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടുകളും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പ്രകൃതിയോടിണങ്ങുന്ന രീതിയിലുള്ളതായിരിക്കും നിർമിതികൾ. 

നടപ്പാത, പാർക്കിങ്, ശുചിമുറി, പഠനകേന്ദ്രം, ഭക്ഷണശാല, കരകൗശല വിൽപ്പന കേന്ദ്രം, മ്യൂസിയം, സൗരവേലി, സൂചനബോർഡുകൾ, സുരക്ഷ കാമറ, മാലിന്യ സംസ്‌കരണ കേന്ദ്രം, മാതൃക കന്നുകാലി കേന്ദ്രം, മാതൃകാ കൃഷിത്തോട്ടം, സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള കേന്ദ്രം  എന്നിവയാണ് പ്രധാനമായും പദ്ധതിയിലുൾപ്പെടുന്നത്. ആദ്യഘട്ടമായി സൗരവേലി സ്ഥാപിക്കുന്ന പരിപാടികൾക്ക് ഉടൻ തുടക്കം കുറിക്കും. ഇതിനായി തുക അനുവദിക്കുമെന്ന് എം.പി അറിയിച്ചു.

യോഗത്തിൽ മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി.ഉസ്മാൻ, പഞ്ചായത്ത് അംഗം എം.പി ആയിഷ, നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പി പ്രവീൺ, ഇക്കോ ടൂറിസം പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഡി. മനോജ് കുമാർ, ജൻശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ വി.ഉമ്മർകോയ, നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി അർജുൻ ടി.പ്രസന്നൻ എന്നിവർ പങ്കെടുത്തു.

click me!