ആലപ്പുഴയിലെ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തിലും ഭരണം പോകും; പ്രസിഡന്‍റ് രാജിവെച്ചു

Published : Jun 29, 2022, 01:08 PM IST
ആലപ്പുഴയിലെ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തിലും ഭരണം പോകും; പ്രസിഡന്‍റ് രാജിവെച്ചു

Synopsis

 പാണ്ടനാടുകൂടി നഷ്ടമായതോടെ ജില്ലയിൽ ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകൾ ഇല്ലാതായി. ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ടിരുന്നു. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി.-6, സി.പി.എം.-5, കോൺഗ്രസ്-2 എന്നിങ്ങനെയാണു കക്ഷിനില. 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപ്പഞ്ചായത്തായ പാണ്ടനാട്ടിൽ പ്രസിഡന്റ് ആശാ വി. നായർ രാജിവെച്ചു. ഇതോടൊപ്പം ഗ്രാമപ്പഞ്ചായത്ത് അംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചിട്ടുണ്ട്. പഞ്ചായത്തിൽ നേരത്തേ ബി.ജെ.പി. യുടെ വൈസ് പ്രസിഡന്റിനെ സിപിഎംകൊണ്ടുവന്ന അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലായ് ആറിനു നടത്താനിരിക്കെയാണ് പ്രസിഡന്റ് രാജിവെച്ചത്. പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്നിരുന്നില്ല. 

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്തു കൂടിയാണിത്. പാണ്ടനാടുകൂടി നഷ്ടമായതോടെ ജില്ലയിൽ ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകൾ ഇല്ലാതായി. ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ടിരുന്നു. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി.-6, സി.പി.എം.-5, കോൺഗ്രസ്-2 എന്നിങ്ങനെയാണു കക്ഷിനില. പാണ്ടനാടുപഞ്ചായത്ത് ഏഴാംവാർഡ് വന്മഴി വെസ്റ്റിൽനിന്നുള്ള പ്രതിനിധിയായിരുന്നു ആശ. രാഷ്ട്രീയാന്ധതമൂലം വികസനത്തെ എതിർക്കുന്ന ബി.ജെ.പി.യുടെ നിലപാടിനൊപ്പം തുടരാൻ കഴിയില്ലെന്ന് ആശ വി. നായർ പറഞ്ഞു. വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം പാസായതിനെത്തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടും വ്യക്തിപരമായി ആക്ഷേപിച്ചും ബി.ജെ.പി. പ്രവർത്തകരും അനുഭാവികളും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു. 

ബി.ജെ.പി. നേതൃത്വത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും പ്രയോജനമുണ്ടായില്ല. മന്ത്രിയും ചെങ്ങന്നൂർ എം.എൽ.എ. യുമായ സജി ചെറിയാൻ പഞ്ചായത്തിൽ വിവിധ വികസനപ്രവർത്തനങ്ങൾക്ക് 50 കോടിയോളം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ഒരുകോടി രൂപയോളം ജില്ലാപഞ്ചായത്തിൽനിന്നു തന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനു മന്ത്രിയുടെയും മറ്റു ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. 
ജനങ്ങളിലാണു വിശ്വാസം. അവരോടു നീതിപുലർത്താൻ അനുവദിക്കാത്ത ബി.ജെ.പി. യുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബി.ജെ.പി. ബാനറിൽ ജയിച്ച മെമ്പർ സ്ഥാനവും പ്രസിഡന്റുസ്ഥാനവും രാജിവെക്കുന്നു. 

തുടർന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്നും ആശ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. കൂടാതെ ആശ വി. നായർ ഇടതു പാളയത്തിലേക്കു പോകാനുള്ള സാധ്യതയാണു നിലവിലുള്ളത്. വൈസ് പ്രസിഡന്റിനെതിരേ മാത്രമായി ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോൾത്തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങൾ കേട്ടിരുന്നു. 

പ്രദേശവാസിയായ ജില്ലാ പഞ്ചായത്തംഗത്തിനെ പഞ്ചായത്തിന്റെ പരിപാടികളിൽനിന്നു മുൻ വൈസ് പ്രസിഡന്റ് ഒഴിവാക്കുന്നതായുള്ള ആരോപണങ്ങൾ സി.പി.എം. നേരത്തേ ഉന്നയിച്ചിരുന്നു. തുടർന്നായിരുന്നു അവിശ്വാസം.  മെമ്പർ സ്ഥാനവും രാജിവെച്ചതിനാൽ ഒരു മാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പുവരുമ്പോൾ ബി.ജെ.പി. ക്കും സി.പി.എമ്മിനും അഞ്ചുസീറ്റ് വീതമുണ്ടാകും. 

രണ്ടു സീറ്റുള്ള കോൺഗ്രസിന്റെ നിലപാട് നിർണായകമാകും. വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെത്തുടർന്ന് കോൺഗ്രസിനുള്ളിലും ചില പടലപ്പിണക്കങ്ങളുണ്ട്. അന്നു പിന്തുണ സംബന്ധിച്ചു മണ്ഡലം പ്രസിഡന്റും പാണ്ടനാട്ടിലെ ഡി.സി.സി. ഭാരവാഹിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനുനൽകി സി.പി.എം. ഭരണത്തിലേറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്