തീ പിടിക്കുന്ന ആവേശം! ആകാശംമുട്ടുന്ന പപ്പാഞ്ഞികൾ റെഡി; പുതുവർഷം ആഘോഷമാക്കാൻ കൊച്ചിയും കോവളവും

Published : Dec 31, 2025, 10:37 AM IST
Pappanji

Synopsis

കൊച്ചിയിൽ 55 അടിയും 50 അടിയും ഉയരമുള്ള രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെ കത്തിക്കുമ്പോൾ, കോവളം ക്രാഫ്റ്റ് വില്ലേജിൽ 40 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് പുതുവർഷാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത്. 

കൊച്ചി: കേരളത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ഇത്തവണയും പപ്പാഞ്ഞികൾ ഉയരുന്നു. ഫോർട്ട് കൊച്ചിയിലും കോവളത്തും വമ്പൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു.

ഫോർട്ട് കൊച്ചിയിൽ ഇത്തവണ മത്സരിച്ചെന്നോണം രണ്ട് വമ്പൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. 'ഗലാ ഡി. ഫോർട്ട് കൊച്ചി'യുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം നടൻ ഷെയിൻ നിഗം നിർവഹിച്ചിരുന്നു.

കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. ഇവയെക്കൂടാതെ വിവിധ ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിൽ നൂറോളം ചെറിയ പപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയുടെ ഇടവഴികളിൽ ഒരുങ്ങുന്നുണ്ട്. ഡിസംബർ 31 അർദ്ധരാത്രിയിൽ ഇവയെല്ലാം അഗ്നിക്കിരയാക്കും. കാർണിവൽ ആഘോഷങ്ങളും ബിനാലെയും കൂടിയാകുന്നതോടെ കൊച്ചിയിൽ വലിയ ജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കോവളത്തും പപ്പാഞ്ഞി തരംഗം

കൊച്ചിയുടെ പാത പിന്തുടർന്ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും ഇത്തവണ ഭീമൻ പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. പത്തോളം കലാകാരന്മാർ പത്ത് ദിവസമെടുത്താണ് 40 അടി ഉയരമുള്ള ഈ പപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്. പുതുവത്സര രാത്രിയിൽ അഭയ ഹിരൺമയിയുടെ 'ഹിരൺമയം' മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നുണ്ട്. കൂടാതെ, ഡിജെ പാർട്ടിയും ഫുഡ് ഫെസ്റ്റും നടക്കും. ക്രാഫ്റ്റ് വില്ലേജിൽ ഇന്ന് വൈകിട്ട് 3 മണി വരെയാണ് പൊതു സന്ദർശന സമയം. രാത്രിയിലെ ആഘോഷ പരിപാടികൾ 12 മണി വരെ നീളും. രാത്രി 12 മണിക്ക് വെടിക്കെട്ടിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, സുഹൃത്ത് ഇറങ്ങിയോടി; സംഭവം തിരുവനന്തപുരത്ത്