
തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന്‍ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമ്പയിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്ന് ഡിസംബര്‍ 26ന് ആരംഭിച്ച് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തുന്ന വിളമ്പര ജാഥയുടെ സമാപനവും ഇതോടൊപ്പം നടക്കും. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും പരിപാടികള്‍ ഉണ്ടായിരിക്കും. അന്നേദിവസം 10 ലക്ഷത്തോളം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും.
ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധം. ആര്‍ദ്രം ആരോഗ്യം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി 30 വയസ് കഴിഞ്ഞവരുടെ സ്‌ക്രീനിംഗ് നടത്തി. അതില്‍ 34 ശതമാനം പേര്‍ക്ക് രക്താതിമര്‍ദവും 24 ശതമാനം പേര്‍ക്ക് പ്രമേഹവും ഉണ്ടെന്നാണ് കണ്ടെത്തല്‍. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' എന്ന ബൃഹത് കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനില്‍ 20 ലക്ഷത്തിലധികം പേരെ ഇതിനോടകം സ്‌ക്രീന്‍ ചെയ്തു കഴിഞ്ഞു. ക്യാമ്പയിന്റെ അടുത്തഘട്ടമായാണ് സുസ്ഥിതിക്ക് (വെല്‍നസ്സ്) പ്രാധാന്യം നല്‍കിക്കൊണ്ട് 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്' എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
വൈബ് 4 വെല്‍നസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് 4 പ്രധാന ഘടകങ്ങളാണുണ്ടാവുക. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണവ. 2026ലെ പുതുവത്‌സര ദിനത്തില്‍ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രചോദനം നല്‍കുക, ഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍, തദ്ദേശ സ്ഥാപങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയാണ് ലക്ഷ്യം.
ക്യാമ്പയിനിലുടനീളം ആരോഗ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. സൈക്കിള്‍ റാലി, കൂട്ടയോട്ടം, കൂട്ട നടത്തം, സൂമ്പ ഡാന്‍സ്, സ്‌കേറ്റിങ്, കളരിപ്പയറ്റ്, പൂരക്കളി, പുലിക്കളി, കായിക ടൂര്‍ണമെന്റുകള്‍, ആരോഗ്യകരമായ ഭക്ഷണം തയാറാക്കല്‍ പരിശീലനം, ഭക്ഷ്യ പ്രദര്‍ശനങ്ങള്‍, വ്യായാമ പരിശീലനം, യോഗ പരിശീലനം, ഫ്‌ളാഷ് മോബ് തുടങ്ങിയവ ക്യാമ്പയിന്റെ ഭാമായി എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നു. എല്ലാവരും ഈ ക്യാമ്പയിനില്‍ പങ്കാളികളാകണം. വ്യായാമം ഓരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെ.എസ്. പ്രീയ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam