
നെയ്യാർ ഡാം: മൃഗങ്ങൾക്ക് പുറമേ മനുഷ്യർക്കും ഭീഷണിയായി രോഗബാധിതനായ നെയ്യാര്‍ ഡാമിലെ പുലി. വയനാട് നിന്ന് കൊണ്ടുവന്ന ഏഴുവയസുള്ള പുലിയാണ് ലയൺ സഫാരി പാർക്കിലെ മറ്റ് മൃഗങ്ങൾക്കും ഭീഷണിയാകുന്നത്. രോഗം ബാധിച്ച പുലി ഇപ്പോൾ അവശനിലയിലാണെന്ന് നെയ്യാർ ഡാം റെയ്ഞ്ച് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ഹെപ്പറ്റോസൂൺ, ഹീമോ ബാർട്ടനെല്ല എന്നീ രോഗങ്ങളാണ് പുലിക്ക് പിടിപ്പെട്ടിരിക്കുന്നത്. ഒരു തരം ചെള്ളാണ് ഈ രോഗം പരത്തുന്നത്. പുലിക്ക് രക്തത്തിൽ അണുബാധ ഉണ്ടെന്ന് വെറ്റിനറി ഡോക്ടർ ആനന്ദ് പറഞ്ഞു. ഇത് കൂടാതെ ശ്വാസകോശത്തിൽ ഒരുതരം വിര ഉണ്ടായിരുന്നുവന്നും അതിന്റെ ചികിത്സ കഴിഞ്ഞുവെന്നും ഡോക്ടർ പറയുന്നു. പുലിയെ സഫാരി പാർക്കിൽ കൊണ്ടുവന്നപ്പോൾ തന്നെ അസുഖമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർക്കിൽ കൊണ്ടുവന്നതിന് പിന്നാലെ നടത്തിയ രക്തം പരിശോധനയിലാണ് പുലിയുടെ ശരീരത്തിൽ രോഗാണു കണ്ടെത്തിയത്. രോഗ വാഹകരായ ചെള്ളിലൂടെ വനമേഖലയിലെ കാട്ടു– നാട്ടു മൃഗങ്ങൾക്ക് രോഗം പിടിപെടാം. ഇത് തടയുന്നതിന് വേണ്ടിയുള്ള പ്രതിരോധ മരുന്നുകളാണ് പുലിക്ക് ഇപ്പോൾ നൽകൊണ്ടിരിക്കുന്നത്. ഈ ചെള്ള് കടിക്കുന്നതിലൂടെ മനുഷ്യരിൽ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡോക്ടർ ആനന്ദ് പറയുന്നു.
ചികിത്സയ്ക്ക് ശേഷം പുലിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. മരുന്നുകൾ മാംസത്തിൽ കലർത്തിയാണ് വനപാലകർ പുലിക്ക് നൽകുന്നത്. ഡോക്ടർ ആഴ്ചതോറും പാർക്കിലെത്തി പുലിയെ പരിശോധിക്കുന്നുമുണ്ട്. ഇപ്പോൾ രണ്ട് സിംഹവും ഒരു കടുവയുമാണ് സഫാരി പാർക്കിലുള്ളത്. ഇവയ്ക്കും രോഗം വരാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേകം കൂട്ടിലാണ് പുലിയെ പാർപ്പിച്ചിരിക്കുന്നതെന്നും റെയ്ഞ്ച് ഓഫീസർ പറഞ്ഞു. പുലിയെ പരിപാലിക്കുന്ന ജീവനക്കാർക്ക് രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam