
കോട്ടയം: സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ വച്ച് പാമ്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചെന്ന് പുറം ലോകത്തോട് വിളിച്ച് പറഞ്ഞ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് നിദ അര്‍ഹയായത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരങ്ങള്‍ നിദക്ക് ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.
ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിദ ഫാത്തിമയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിദയെ വ്യാപകമായി അഭിനന്ദിച്ചിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും വൈറലായിരുന്നു.
ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞതെന്ന് മാധ്യമങ്ങളോട് സങ്കോചം കൂടാതെയായിരുന്നു നിദ സംസാരിച്ചത്. നിദയിലൂടെയാണ് ഷെഹ്‌ലയ്ക്കു സംഭവിച്ചതെന്താണെന്നും അധ്യാപകന്‍റെ അനാസ്ഥ ഷെഹ്ല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ ഫാത്തിമ സംസാരിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam