
ഇടുക്കി: മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെയാണ് ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചത്.
നിരോധന കാലയളവില്‍ യാത്രക്കാര്‍ക്ക് മറ്റ് സമാന്തര പാതകള്‍ ഉപയോഗിക്കാം. പൊലീസ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അപകടം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച വരെ മഞ്ഞ അലര്‍ട്ട്
ജില്ലയില്‍ വ്യാഴാഴ്ച വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര സഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. പൊലീസ്, ഫയര്‍ ഫോഴ്‌സ്, റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ശാന്തന്‍പാറ ചേരിയാര്‍ ദളം ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഉരുള്‍പൊട്ടിയത്. പത്തോളം വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് തോട്ടം തൊഴിലാളികളും അതിഥി തൊഴിലാളികളും ഉള്‍പ്പെടെ 25 ഓളം പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും വിലയിരുത്തുന്നതിനും തകരാറിലായ റോഡ് ഗതാഗതം എത്രയും വേഗം പുനസ്ഥാപിയ്ക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡീപ് ഫേക്കുകള്‍ തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്, മുന്നറിയിപ്പുമായി കേന്ദ്രം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam