
മലപ്പുറം: ഒമ്പതുകാരിയെ ലൈഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പീഡനത്തിനിരയായ ബാലികയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹോദരനായ 36 കാരനെയാണ് ജഡ്ജ് എ.എം അഷ്‌റഫ് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2022 സെപ്റ്റംബര്‍ 20ന് വൈകുന്നേരം ആറു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ വീട്ടിലെത്തിയ ബാലികയെ ഫാന്‍സി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മറ്റൊരു ദിവസവും സമാനമായ രീതിയില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതായും പരാതിയിലുണ്ട്.
പിന്നീട് ബന്ധുവീട്ടിലേക്ക് പോകാൻ കുട്ടി വിമുഖത കാണിച്ചപ്പോൾ കാര്യം അന്വേഷിച്ച അമ്മയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അമ്മ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അരീക്കോട് പോലീസ് നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.
അരീക്കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആല്‍ബി തോമസ് വര്‍ക്കി രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ എ ആദംഖാന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 20 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 30 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam