
തിരുവനന്തപുരം: നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടിയെ പീഡിപ്പിച്ചു. പോക്സോ നിയമ പ്രകാരം രണ്ട് പേർകെതിരെ കേസെടുത്തിട്ടുണ്ട്. പൂജപ്പുര നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ 15 വയസ്സായ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഷാഡോ പൊലിസ് ചമഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പുത്തൻപാലം സ്വദേശി വിഷ്ണു എന്ന 32 കാരനാണ് പെൺകുട്ടിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തെ ഫ്രണ്ട്സ് ലോഡ്ജിലാണ് ഇയാൾ പെൺകുട്ടിയെ താമസിപ്പിച്ചത്. വിഷ്ണുവിനെയും ലോഡ്ജ് ഉടമ ബിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം ഇടുക്കി പാമ്പാടുംപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്സോ കോടതി ജഡ്ജി ടിജി വർഗീസ് ശിക്ഷിച്ചത്. 2018 മെയ് മാസത്തിലാണ് സംഭവം. അതേവർഷം ഡിസംബറിൽ തങ്കമണി പോലീസാണ് കേസെടുത്തത്. ഇരയുടെ പുനരധിവാസത്തിന് 25000 രൂപ നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിട്ടിക്കും നിർദ്ദേശം നൽകി. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.