ധനശേഖര്‍ എവിടെ? മൂന്നാറില്‍ തോട്ടം തൊഴിലാളിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു

By Web TeamFirst Published May 24, 2021, 9:06 PM IST
Highlights

ജോലിക്കിടയിൽ രാവിലെ ഒമ്പതരയ്ക്ക് മറ്റ് തൊഴിലാളികൾക്ക് ചായ വാങ്ങാനായി കാന്‍റീനിലേക്ക് പോകുന്നതിനിടയിലാണ് ധനശേഖറിനെ കാണാതായത്. എസ്റ്റേറ്റിലെ നിരവധി തൊഴിലാളികളെയും ബന്ധുക്കളെയും പൊലീസ് ഇതിനോടകം ചോദ്യംചെയ്തു

ഇടുക്കി: ജോലിക്കിടയിൽ തോട്ടം തൊഴിലാളിയെ കാണാതായി ഒരുമാസം പൂർത്തിയായിട്ടും കണ്ടെത്താനാകാതെ പൊലീസും ബന്ധുക്കളും. കണ്ണൻദേവൻ കമ്പനിയുടെ കടലാർ ഈസ്റ്റ് ഡിവിഷനിൽ ധനശേഖറിനെ ഏപ്രിൽ 20നാണ് കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുവെങ്കിലും ധനശേഖർ എവിടെയെന്ന ചോദ്യത്തിനിനിയും ഉത്തരം ലഭിച്ചിട്ടില്ല. ജോലിക്കിടയിൽ രാവിലെ ഒമ്പതരയ്ക്ക് മറ്റ് തൊഴിലാളികൾക്ക് ചായ വാങ്ങാനായി കാന്‍റീനിലേക്ക് പോകുന്നതിനിടയിലാണ് ധനശേഖറിനെ കാണാതായത്.

എസ്റ്റേറ്റിലെ നിരവധി തൊഴിലാളികളെയും ബന്ധുക്കളെയും പൊലീസ് ഇതിനോടകം ചോദ്യംചെയ്തു. മേഖലയിലെ വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചില്‍ നടത്തി. കാണാതായ ദിവസം രാവിലെ ചോലക്കാട്ടിൽനിന്ന് പുലിയുടെ മുരൾച്ച കേട്ടതായി തൊഴിലാളികൾ പറഞ്ഞതിനെത്തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറെ ഭാഗങ്ങളിൽ തിരഞ്ഞു. 

എന്നാൽ ഒരു തെളിവും ലഭിച്ചില്ല. ധനശേഖര്‍ പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിവരം നൽകി അന്വേഷണവും നടത്തി. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തമിഴ്നാട്ടിൽ പോയി നേരിട്ട്  അന്വേഷിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ട്.  

ഒരുമാസം മുൻപ് കടലാർ എസ്റ്റേറ്റിലെ സ്റ്റോർ റൂമിൽനിന്ന് കീടനാശിനി മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് ചോദ്യംചെയ്യലിന് ഹാജരാകാൻ ധനശഖറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനശേഖറിനെ കാണാതായത്. മൂന്നാർ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.

click me!