
കൊച്ചി: പുകവലിയുണ്ടായി എന്ന കാരണത്താൽ അന്നനാള അർബുദ രോഗിയുടെ മെഡിക്കൽ ഇൻഷുറസ് തുക നിഷേധിച്ച ഇൻഷുറൻസ് കമ്പനിയക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ്, തന്റെ പിതാവിന്റെ ചികിത്സ ക്ലെയിം നിരസിച്ചതിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇൻഷുറൻസ് കമ്പനിയുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ കോടതി മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ പരമാവധി തുകയായ മൂന്ന് ല ക്ഷം രൂപയും മാനസിക വിഷമങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കോടതി ചിലവിനുമുള്ള നഷ്ടപരിഹാരമായി 15000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് ഉത്തരവ് നൽകി.
കൃത്യമായ മെഡിക്കൽ തെളിവുകളില്ലാതെ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ക്ലെയിമിൽ നിന്ന് ഒഴിവാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. രോഗി മുൻപ് പുകവലിച്ചിരുന്ന ആളാണ് എന്ന ആശുപത്രി രേഖയിലെ പരാമർശം മാത്രം ചൂണ്ടിക്കാണിച്ച് മെഡിസെപ്പ് ഇൻഷുറൻസ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ കോടതി ചൂണ്ടികാട്ടി. ഒരു രോഗം പുകവലി കൊണ്ടോ ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടോ മാത്രമാണ് ഉണ്ടായതെന്ന് ശാസ്ത്രീയമായോ മെഡിക്കൽ വിദഗ്ദ്ധരുടെ അഭിപ്രായം വഴിയോ തെളിയിക്കാനുള്ള ബാധ്യത ഇൻഷുറൻസ് കമ്പനിക്കാണ്. കേവലം അനുമാനങ്ങളുടെ പുറത്ത് കമ്പനികൾക്ക് ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെെന്നും ഉത്തരവിൽ പറയുന്നു.
ഇൻഷുറൻസ് കരാറുകളിലെ വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കിൽ, അതിന്റെ ആനുകൂല്യം പോളിസി ഉടമയ്ക്ക് നൽകണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി. അടിയന്തിര ഘട്ടങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ഇത്തരം ബാലിശമായ കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുന്നത് ഇൻഷുറൻസ് വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഉത്തരവിൽ കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam