
ഹരിപ്പാട്: ആലപ്പുഴ ദേശീയപാതയ്ക്ക് സമീപത്തുനിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം താമല്ലാക്കൽ ഉസ്മാനിയ മൻസിലിൽ ഇല്ല്യാസ് (37) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 5.72 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഹരിപ്പാട് തെക്കേനട ജങ്ഷന് അടുത്ത് നിർമാണത്തിലിരിക്കുന്ന സർവീസ് റോഡിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇല്ല്യാസിനെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
വിപണിയിൽ വൻ വിലവരുന്ന ലഹരിമരുന്ന് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരെയും ഇയാളുടെ ഇടപാടുകാരെയും കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹരിപ്പാട് എസ് എച്ച് ഒ വി ഷിബുവിന്റെ നേതൃത്വത്തിൽ എസ് ഐ ഇ നൗഷാദ്, എ എസ് ഐ പ്രമോദ്, സി പി ഒ ശ്രീനാഥ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളായ ഗിരീഷ്, ഇജാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam