
തൃശൂർ: കുന്നംകുളത്ത് ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും ആരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. ചൂണ്ടലിൽ കറി ആൻഡ് കോ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധിയുടെ തലയിൽ ആഴത്തിൽ പരിക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്. ഇന്നലെ വൈകിട്ട് 3. മണിയോടെയായിരുന്നു സംഭവം.
പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി. സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി. സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കുന്നംകുളം പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam