ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ഇപി വിശദീകരിച്ചു
കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ പി ജയരാജന്‍ വിശദീകരണം നല്‍കിയെന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്നാണ് ഇ പി ജയരാജന്‍ സി പി എം സെക്രട്ടേറിയറ്റ് യോഗത്തിൽ നൽകിയ വിശദീകരണം. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു.
2 ഇ പിക്കെതിരായ ആരോപണങ്ങൾ ഗുരുതരം, കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം, പ്രക്ഷോഭം പ്രഖ്യാപിച്ചും യുഡിഎഫ്
ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമമെന്ന് ചൂണ്ടികാട്ടി യു ഡി എഫ് പ്രക്ഷോഭം പ്രഖ്യാപിച്ചതാണ് മറ്റൊരു വാർത്ത. ഇ പിക്കെതിരായ ആരോപണത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട യു ഡി എഫ് കൺവീനർ എം എം ഹസ്സനാണ് പ്രക്ഷോഭത്തെക്കുറിച്ചും വിവരിച്ചത്. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് നൽകിയ ക്ലീൻ ചിറ്റ് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ഏറ്റ പ്രഹരമാണ്. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മാപ്പ് പറയണം. പിണറായിയുടെ മുഖത്ത് എറ്റ അടിയാണ് ഇതെന്നും ഹസ്സൻ പറഞ്ഞു.
3 സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു, 60 വയസ്സുകഴിഞ്ഞവര്‍ കരുതല്‍ ഡോസെടുക്കണം
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്. ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐ. ഇ. സി ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
4കോർപ്പറേഷൻ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; ഡി ആർ അനിൽ സ്ഥാനമൊഴിയും, തീരുമാനം സമവായ ചർച്ചയ്ക്കൊടുവിൽ
കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണയായതാണ് മറ്റൊരു പ്രധാന വാർത്ത. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡിആർ അനിൽ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഉയർന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും. ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.
5നേതാക്കളെ വധിക്കാൻ പദ്ധതി? പിഎഫ്ഐ നേതാവായ ഹൈക്കോടതി അഭിഭാഷകൻ എൻഐഎയുടെ പിടിയിൽ
കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് എൻഐഎ നടത്തിയ റെയ്ഡിന് തുടർച്ചയായി എടവനക്കാട് സ്വദേശി മുബാറകിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പുലർച്ചെ മുതൽ വൈകിട്ട് വരെ റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽ നിന്നും ആയുധങ്ങൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർഫ്രണ്ട് നീക്കങ്ങൾ നടത്തി വരികയായിരുന്നെന്നും എൻഐ ആരോപിക്കുന്നു. മുഹമ്മദ് മുബാറക് മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എൻഐഎ പറയുന്നത്. ആയോധനകല പരിശീലിച്ച ഇയാൾ സ്‌ക്വാഡിലെ അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.
90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ വഹിച്ചു. ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ശിവഗിരി സന്ദർശനത്തിന്‍റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വൈകിട്ടോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേരും. കൊവിഡ് കാരണമുള്ള മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും പൂർവ്വപ്രതാപത്തോടെ നടത്തുന്നത്.
ഡിവൈഎഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റായ വലതുപക്ഷ പ്രവണതകളിൽ അവരും പെട്ടുപോയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല. അവരും സമൂഹത്തിന്‍റെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ച ഇല്ല. തിരുത്തുന്നില്ലെങ്കിൽ തള്ളും. സംഘടന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് പിന്തുണ നല്‍കും. ഡിവൈഎഫ്ഐ വിദ്യാർത്ഥികൾക്കൊപ്പമാണ്. നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ച സംഭവം യാദൃച്ഛികമായി സംഭവിച്ചതാണ്. ആസൂത്രിത നീക്കമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍റെ മരണവാർത്തയും ഇന്നുണ്ടായി. അമ്മയുടെ നിര്യാണത്തെ തുടർന്ന് പ്രധാനമന്ത്രി ഗാന്ധിനഗറിലേക്ക് പോയി. അമ്മയുടെ മരണാനനന്തര ചടങ്ങൾക്ക് തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയും ചെയ്തു പ്രധാനമന്ത്രി. കൊൽക്കത്തയിലെ ഹൗറ - ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിനാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു.
9ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്; ചികിത്സ തുടരുന്നു, പ്രാർത്ഥനയോടെ കായികലോകം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്ന് പുറത്തുവരുന്ന വിവരം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പന്തിനെ ദില്ലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വലത് കാൽമുട്ടിലെ ലിഗമെന്‍റിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. പ്രമുഖ താരങ്ങളെല്ലാം പന്ത് വേഗം തിരിച്ചുവരട്ടെയെന്ന പ്രാർത്ഥന പങ്കുവച്ച് രംഗത്തെത്തി.
10 ഫുട്ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി, കണ്ണീരോടെ കായികലോകം
ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചെന്ന വാർത്തയുമായാണ് ഈ ദിവസം ആരംഭിച്ചത്. അർധരാത്രി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു കാന്‍സര്‍ ബാധിതനായിരുന്ന ഇതിഹാസ താരം അന്തരിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. പെലെയുടെ വിയോഗത്തിൽ ലോകത്തിന്‍റെ വിവിധ മേഖലകളിലുള്ളവർ അനുശോചനവും ദുഃഖവും പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.
