
മാന്നാർ: പാലമൂട്ടിൽ പമ്പ് ഹൗസ് പൂട്ടിയതോടെ ഒരാഴ്ചയായി മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലമില്ല. പഞ്ചായത്ത് ഒന്നാം വാർഡിലെ ചക്കിട്ടപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് 20വർഷം മുൻപ് സ്ഥാപിച്ച ജില്ലാ പഞ്ചായത്ത് പദ്ധതിയാണ് പാലമൂട്ടിൽ ശുദ്ധജലവിതരണ പദ്ധതി. ജില്ലാ പഞ്ചായത്ത് ഈ പദ്ധതി കമ്മീഷൻ ചെയ്ത ശേഷം എടത്വാ ജല അതോറിറ്റിക്ക് കൈമാറി.
മാന്നാർ പഞ്ചായത്തിലെ 1 മുതൽ 4 വരെയുള്ള വാർഡുകാർക്ക് വെള്ളമെത്തിച്ചിരുന്നത് ഇവിടെ നിന്നുമായിന്നു. രണ്ടു വർഷം മുൻപ് ഈ പദ്ധതിയെ ചെന്നിത്തല തൃപ്പെരുന്തുറ പദ്ധതിയുമായി ബന്ധിപ്പിച്ചെങ്കിലും മാന്നാർ പടിഞ്ഞാറൻ മേഖലയ്ക്ക് കാര്യമായ പ്രയോജനമുണ്ടായില്ല.
പൈപ്പുകളുടെയും ടാപ്പിന്റെയും അറ്റകുറ്റപണികൾക്ക് പോലും കാലതാമസം നേരിട്ട നിരവധി സംഭവങ്ങളും സമരങ്ങൾ വരെ ഇവിടെയുണ്ടായിട്ടുണ്ട്. കുഴൽ കിണറിൽ നിന്നും നേരിട്ടു വെള്ളമെടുക്കുന്ന പ്രവർത്തനമായിരുന്നു ഇവിടെ. ജലസംഭരണിയില്ലാത്തതിനാൽ മോട്ടോർ പ്രവർത്തിക്കുമ്പോൾ മാത്രമെ വെള്ളം ലഭിച്ചിരുന്നു. ദിനംപ്രതി രണ്ടു നേരം മോട്ടോർ
പ്രവർത്തിച്ചിരുന്നെങ്കിലും ജനത്തിന് ഇഷ്ടാനുസരണം കുടിവെള്ളം ലഭിച്ചിരുന്നില്ലെന്ന പാരതിയെ കേൾക്കാനുള്ളൂവെന്ന് പഞ്ചായത്തംഗം അജീഷ് കോടാകേരിൽ പറഞ്ഞു.
അടുത്തിടെ ഇവിടുത്തെ പമ്പ് ഓപ്പറേറ്ററെയും പിൻവലിച്ചു പമ്പ് ഹൗസ് പൂട്ടിയതോടെ ജനത്തിന്റെ കുടിവെള്ളം മുട്ടി. ഈ പദ്ധതി രണ്ടു വർഷം മുൻപ് എടത്വായിൽ നിന്നും മാവേലിക്കരയ്ക്ക് മാറ്റി, ഇപ്പോൾ ചെങ്ങന്നൂർ ജല അതോറിറ്റിയുടെ കീഴാലാണെന്ന് അറിയാൻ കഴിഞ്ഞെങ്കിലും അവിടെ അന്വേഷിച്ചപ്പോൾ അവർ കൈമലർത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിലും
പറഞ്ഞു.
പാലുമൂട്ടിലിൽ പമ്പ് ഹൗസ് പൂട്ടിയ ശേഷം നേരാംവണ്ണം വെള്ളം ലഭിച്ചിരുന്നില്ലെന്നാണ് ഉപഭോക്താക്കൾക്ക് പറയാനുള്ളത്. ഇതിനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ സമീപത്തെ കിണറുകളിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കത്തിന് മുമ്പ് വരെ പമ്പാനദി, ഇലമ്പനം തോട്ടിലെയും വെള്ളത്തെ ആശ്രയിച്ചെങ്കിലും ഇപ്പോൾ ഇതിന് ദുർഗന്ധവും അരുചിയും അനുഭവപ്പെടുന്നതു കാരണം ഒരിറ്റു വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam