
കോഴിക്കോട്: അടിക്കടി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നാദാപുരത്ത് ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രാദേശികമായ പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹരിക്കാന്‍ ഡിവൈ എസ്പി എപി ചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു.
കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികള്‍ തുടങ്ങിയവയും റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. അത്തരം വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവരെ നിരീക്ഷിച്ച് നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ മോഹന്‍ദാസ്, സിഎച്ച് മോഹനന്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, മോഹനന്‍ പാറക്കടവ്, പികെ ദാമു, വത്സരാജ് മണ്ണലാട്ട്, കെവി നാസര്‍, ജലീല്‍ ചാലിക്കണ്ടി, കെടി ചന്ദ്രന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam