
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടികൾ കടുപ്പിച്ച് എംവിഡി. മകന് ഇരുചക്രവാഹനം ഓടിക്കാൻ നൽകിയ മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തിരുന്നു. ഇത് കൂടാതെ കുട്ടി പ്രായപൂർത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുമുള്ളുവെന്ന് വർക്കല സബ് ആർ ടി ഓഫീസ് അധികൃതർ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരനായ വിദ്യാർത്ഥി സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ആക്ട് 199എ, ബിഎൻഎസ് 125, കെപി ആക്ട് 118ഇ എന്നിവ പ്രകാരം മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തു. മോട്ടോർ വെഹിക്കിൾ ആക്ട് 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25000 രൂപ പിഴയോ, മൂന്ന് വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേയ്ക്ക് റദ്ദ് ചെയ്യാവുന്നതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam