
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട. കള്ളിൽ കലക്കാനായി ലോറിയുടെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1155 ലിറ്റ൪ സ്പിരിറ്റാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തൃശൂ൪ അന്തിക്കാട് സ്വദേശി ഷിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുട൪ന്ന് നടത്തിയ പരിശോധനയിലാണ് നീലങ്കാച്ചിയിൽ നിന്നും ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചിട്ടും ആദ്യം ഒന്നും കണ്ടെത്താനായില്ല. ക൪ണാടകയിലേക്ക് ലോഡിറക്കി തിരിച്ചു വരികയാണെന്ന് കസ്റ്റഡിയിലായ ഷിജു കള്ളം പറഞ്ഞു. വിശദമായി ചോദ്യം ചെയ്യലിനൊടുവിൽ സ്പിരിറ്റ് നിറയ്ക്കുന്ന ഭാഗം ഷിജു തന്നെ പൊലീസിന് കാണിച്ചുകൊടുത്തു.
എയ്ച്ചറിൻറെ മിനി ലോറിയുടെ ബോഡിക്കകത്ത് തയാറാക്കിയ പ്രത്യേക അറ. ഒറ്റനോട്ടത്തിൽ ആ൪ക്കും തിരിച്ചറിയാനാവാത്ത വിധം സംവിധാനം. ഈ അറയ്ക്കുള്ളിലായിരുന്നു ആയിരത്തി ഒരുനൂറിലധികം ലിറ്റ൪ സ്പിരിറ്റ് നിറച്ചത്. മണിക്കൂറുകളെടുത്ത് പൈപ്പുപയോഗിച്ച് 33 കന്നാസുകളിലേക്ക് സ്പിരിറ്റ് മാറ്റി. ക൪ണാടകയിൽ നിന്നും കൊഴിഞ്ഞാംപാറയിലെ തെങ്ങിൻതോപ്പിലേക്കാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ്.