കുട്ടനാട്ടില്‍ ശവം മറവ് ചെയ്യാന്‍ സ്ഥലമില്ല, ഇഷ്ടിക അടുക്കിവെച്ച് സംസ്കരിക്കാന്‍ നാട്ടുകാര്‍

By Web TeamFirst Published Jul 28, 2018, 10:44 PM IST
Highlights

മരണസമയത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു വയോധിക

എടത്വാ: കുട്ടനാട്ടിലെ പ്രളയ ദുരന്തത്തില്‍ ഒരു മരണം കൂടി. എടത്വാ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) ആണ് മരിച്ചത്. രണ്ടുവര്‍ഷമായി കിടപ്പിലായിരുന്ന സരോജിനയമ്മ മരണസമയത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു.  വെള്ളക്കെട്ടിലായ വീട്ടുമുറ്റത്ത് നാട്ടുകാരുടെ സഹായത്തോടെ നാളെ ചിതയൊരുങ്ങും. 

ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായ ഭര്‍ത്താവ് ഗോപി രണ്ട് വര്‍ഷം മുന്‍പാണ് മരണപ്പെടുന്നത്.  പ്രമേഹ ബാധയെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയ മകന്‍ ശിവനും മരണപ്പെട്ടിരുന്നു. സരോജിനിയമ്മയുടെ മക്കളിലൊരാളായ കോമളം മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. കോഴഞ്ചേരിയില്‍ വിവാഹം ചെയ്ത് കൊടുത്ത  മകളുടെ ഭര്‍ത്താവ് മരണപ്പെട്ടതോടെ സരോജിനയമ്മയുടെ കുടുംബത്തിലെ ഏകാശ്രയവും അറ്റിരുന്നു. 

 പ്രദേശവാസികളും പ്രസീതയും എത്തിച്ചു നല്‍കുന്ന ഭക്ഷണം കഴിച്ചാണ് സരോജിനിയും മകളും ജീവിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടതോടെ കോമളത്തിന്‍റെ ചികിത്സയും മുടങ്ങി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമ്മയും മകളും ഒറ്റപ്പെടുകയായിരുന്നു. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മൃതദേഹം എടത്വാ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് പറമ്പില്‍ ഇഷ്ടിക അടുക്കിവെച്ച് സംസ്കരിക്കാനാണ് നാട്ടുകാരുടെ തീരമാനം.
 

click me!