പശുക്കള്‍ക്ക് കുളമ്പ് രോഗം ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍

By Web TeamFirst Published Jul 28, 2018, 3:11 PM IST
Highlights

കന്നുകാലികളില്‍ കുളമ്പ് രോഗം പടരുന്നു

കര്‍ഷകര്‍ പ്രതിസന്ധിയില്‍. 

ആലപ്പുഴ: കാലാവസ്ഥ വ്യതിയാനത്തിലുള്ള മാറ്റം കന്നുകാലികളില്‍ കുളമ്പ് രോഗം പിടിപെടാന്‍ കാരണമായതോടെ വീടും സ്ഥലവും ഈട് നല്‍കി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മിനി ഡയറിഫാമില്‍ നിന്നും വായ്പ എടുത്ത കര്‍ഷകര്‍ തുക തിരിച്ചടയ്ക്കാനാകാതെ പ്രതിസന്ധിയില്‍. മാന്നാര്‍ മേഖലയില്‍ പശുക്കള്‍ക്കുണ്ടായ കുളമ്പ് രോഗമാണ് ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന 2500-ഓളം വരുന്ന ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. രോഗം പിടിപെട്ടതോടെ പാല്‍ ഉല്പാദനം ഗണ്യമായി കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മാന്നാര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡിലെ കറവയുള്ള പതിനൊന്ന് പശുക്കള്‍ക്കാണ് കുളമ്പ് രോഗം കണ്ടെത്തിയത്. 

മൂക്കൊലിപ്പ്, ആഹാരം കഴിക്കാതിരിക്കല്‍, ഉമിനീരിറയ്ക്കല്‍, വായ്ക്കകത്ത് വൃണം, പതുക്കെ ചവയ്ക്കുക, അകിട് പൊട്ടിയളിയുക, കുളമ്പ് പഴുത്ത് വൃണമാകുക എന്നീ രോഗലക്ഷണങ്ങള്‍ പശുക്കളില്‍ കണ്ടുതുടങ്ങിയതോടെ കര്‍ഷകര്‍ മൃഗഡോക്ടറെ സമീപിച്ചു. പ്രതിരോധകുത്തിവയ്പ്പ് നടത്തിയിട്ടുപോലും രോഗം ഭേദമായില്ലെന്നും കുളമ്പ് രോഗം പിടിപ്പെട്ട പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
 
മൂന്നൂമാസങ്ങള്‍ക്ക് മുമ്പ് ക്ഷീര കര്‍ഷകനായ ഗോപിനാഥന്‍പിള്ള 65000രൂപയ്ക്ക് തിരുവല്ല കുറ്റൂരില്‍ നിന്നും വാങ്ങിയ പശുവിന് രോഗം പിടിപെട്ടതാണ് തുടക്കം. ഇരുപത് വര്‍ഷമായി പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ഗോപിനാഥന്‍പിള്ളയ്ക്ക് ഇതുവരെയും വീട് നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. രോഗിയായ ഭാര്യ രാധാമണിയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് മാസം തോറും നല്ലൊരു തുകയാണ് ചെലവാകുന്നത്. പശുക്കള്‍ക്ക് രോഗം പിടിപെട്ടതോടെ ചികിത്സയ്ക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് ഇയാള്‍. 

ക്ഷീരകര്‍ഷകയായ ഇന്ദിരയുടെയും ശാന്തമ്മയുടെയും പശുക്കള്‍ അടുത്തിടെ കുളമ്പ് രോഗം പിടിപെട്ട് ചത്തിരുന്നു. മുന്‍കാലങ്ങളില്‍ കുളമ്പ് രോഗത്തിന്റെ കുത്തിവയ്പ്പിന് അഞ്ച് രൂപാ ഈടാക്കിയിരുന്നിടത്ത് ഇപ്പോള്‍ പത്ത് രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. കുളമ്പ് രോഗത്തിന് മൃഗാശുപത്രികളില്‍ മരുന്ന് എത്തിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കുകയും കാലിത്തീറ്റ വിതരണം നടത്തുകയും വേണമെന്ന ആവശ്യം ക്ഷീരകര്‍ഷകരില്‍ ശക്തമാണ്.
 

click me!