
കല്‍പ്പറ്റ: വയനാട് ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നിര്‍ദ്ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
റോഡുകളുടെ നിലവിലുള്ള അവസ്ഥയും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും നിശ്ചിത പ്രൊഫോര്‍മയില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ലഭ്യമാക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി), പൊതുമരാമത്ത് (ദേശീയപാത വിഭാഗം), പൊതുമരാമത്ത് (റോഡുകളും പാലങ്ങളും വിഭാഗം) ഡിവിഷനുകളുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുഴികള്‍ രൂപപ്പെട്ടതും അടിയന്തര അറ്റകുറ്റപണി ആവശ്യമുള്ളതുമായ റോഡുകളുടെ വിവരങ്ങള്‍, കരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കരാറുകാരന്റെ പേരും വിലാസവും, ഇല്ലെങ്കില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ഗതാഗത യോഗ്യമാക്കുന്നതിലെ കാലാതാമസം മൂലം റോഡില്‍ അപകടം സംഭവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് വിവിധയടങ്ങളില്‍ റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസവും പത്തനംതിട്ട കുമ്പഴ സംസ്ഥാന പാതയില്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ സ്വകാര്യ ബസിലിടിക്കുകയായിരിന്നു. അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണും കഴിഞ്ഞ ദിവസം അപകടം നടന്നിരുന്നു. വാവാട് സ്വദേശികളായ സലിം, ഭാര്യ സുബൈദ എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു. പിന്നാലെ വന്ന ലോറിക്ക് അടിയിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.
അടുത്തിടെ ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍ വീണ് എസ് ഐക്ക് പരിക്കേറ്റിരുന്നു. കായംകുളം കെപിഎസി ജംഗ്ഷനിലെ കുഴിയിൽ ബൈക്ക് വീണതിനെ തുടർന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു.
Read More : കൃഷ്ണഗിരിയിലെ അനധികൃത മരം മുറി; ഒത്താശ ചെയ്ത വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ