പഠിക്കുന്നത് ഇരുന്നൂറ് വിദ്യാർത്ഥികൾ; ടാർപോളിൻ മറയാക്കി പാറപ്പുറം ജിഎം എൽപി സ്‌കൂൾ

By Web TeamFirst Published Nov 25, 2019, 8:30 PM IST
Highlights

പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്ന കാലത്ത് പഞ്ചായത്തിലെ പ്രധാന എൽ പി സ്‌കൂളുകളിലൊന്നായ ഇത്  വർഷങ്ങളായി അവഗണനയിലാണ്. 

കൽപകഞ്ചേരി: നൂറ്റാണ്ടിലധികം പഴക്കമുണ്ട് പാറപ്പുറം ജിഎം എൽപി സ്‌കൂളിന്. എന്നാൽ ഇതുവരെ ശോചനീയാവസ്ഥക്ക് പരിഹാരമായില്ല. ടാർപോളിൻ വലിച്ചുകെട്ടിയ ഓലമേഞ്ഞ കെട്ടിടത്തിലാണ് കുട്ടികൾ പഠനം നടത്തുന്നത്. നാല്പത് സെന്റിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഇരുന്നൂറ് വിദ്യാർത്ഥികളുണ്ട്. എന്നാൽ ആവശ്യമായ ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. 

കെട്ടിടം സ്വകാര്യ വ്യക്തിയിൽ നിന്ന് സർക്കാരിന് വിട്ടുകിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സ്‌കൂൾ വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാർ സ്ഥല ഉടമകളുമായി നടത്തിയ ചർച്ചയിൽ പതിനഞ്ച് സെന്റ് സ്ഥലം ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ഏഴര സെന്റ് ഭൂമി പണം നൽകിയും പകുതിഭാഗം ദാനമായി വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. സ്ഥലത്തിന്റെ പട്ടയം ലഭിക്കാത്തതും പദ്ധതി നീളാൻ ഇടയാക്കുന്നുണ്ട്. 

പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്ന കാലത്ത് പഞ്ചായത്തിലെ പ്രധാന എൽ പി സ്‌കൂളുകളിലൊന്നായ ഇത്  വർഷങ്ങളായി അവഗണനയിലാണ്. സ്‌കൂളിന്റെ വികസനം സാധ്യമാക്കാൻ സ്വകാര്യ വ്യക്തിയിൽ നിന്നും കെട്ടിടം നിൽക്കുന്ന ഭൂമിയും കെട്ടിടവും ഏറ്റെടുത്ത് സർക്കാരിന് കൈമാറാനാണ് നാട്ടുകാരുടെ തീരുമാനം.  
 

click me!