വട്ടവടയിലെ കൃഷിയിടങ്ങളില്‍ വെള്ളമില്ല; ഓണവിപണി ആശങ്കയില്‍

By Web TeamFirst Published Jul 21, 2019, 1:55 PM IST
Highlights
ഓണവിപണിയില്‍ എത്തിക്കാന്‍ പച്ചക്കറിയില്ലാതെ സംസ്ഥാനത്തിന്‍റെ പച്ചക്കറികലവറ. കടബാധ്യതയില്‍ മുങ്ങി നില്‍ക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍. കാലാവസ്ഥ വ്യതിയാനവും മഴയുടെ ലഭ്യതകുറവും മൂലമുണ്ടായ ഉല്‍പ്പാദന കുറവാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്‍ഷക കടങ്ങള്‍ എഴുതള്ളണമെന്ന ആവശ്യവുമുയരുന്നു. 

ഇടുക്കി: ഓണവിപണിയില്‍ എത്തിക്കാന്‍ പച്ചക്കറിയില്ലാതെ സംസ്ഥാനത്തിന്‍റെ പച്ചക്കറികലവറ. കടബാധ്യതയില്‍ മുങ്ങി നില്‍ക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍. കാലാവസ്ഥ വ്യതിയാനവും മഴയുടെ ലഭ്യതകുറവും മൂലമുണ്ടായ ഉല്‍പ്പാദന കുറവാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്‍ഷക കടങ്ങള്‍ എഴുതള്ളണമെന്ന ആവശ്യവുമുയരുന്നു. 

രണ്ട് ദിവസമായി നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും കൃഷിയിറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷികള്‍ വേനന്‍ചൂടില്‍ കരിഞ്ഞുണങ്ങിയതോടെ ബാങ്കില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വലയുകയാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം പ്രളയം താണ്ടവമായി വട്ടവടയില്‍ ഇത്തവണ പേരിനുപോലും മഴിയെത്തിയില്ല. 

ഓണവിപണി മുന്നില്‍ക്കണ്ട് ഇറക്കിയ കൃഷികള്‍ മിക്കതും കരിഞ്ഞുണങ്ങി. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്നും ലക്ഷങ്ങളാണ് കര്‍ഷകര്‍ വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പലരും കടക്കെണിയിലാവും. സര്‍ക്കാര്‍ ഇടപെട്ട് വായ്പകള്‍ എഴുതിതള്ളണമെന്ന് ഇവരുടെ ആവശ്യം. ക്യാരറ്റ്, ബീട്രൂറ്റ്, ബീന്‍സ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയ പത്തിലധികം പച്ചക്കറികളാണ് വട്ടവടയില്‍ ക്യഷിചെയ്യുന്നത്. പലരും ഭൂമികള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. 

എന്നാല്‍ സാഹചര്യം അനുകൂലമല്ലാതെ വന്നതോടെ നിലവില്‍ പാട്ടത്തുക നല്‍കുന്നതിന് പോലും കഴിയില്ല. മാത്രമല്ല പച്ചക്കറിയുടെ ഇറക്കുമതി നിലച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യും. മാനം കറുത്തില്ലെങ്കില്‍ മറ്റ് ജോലികള്‍ തേടിപോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കടുത്ത വേനലില്‍ സംസ്ഥാനത്തെ പച്ചക്കറി കലവറ കരിഞ്ഞുണങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ അവിടങ്ങളില്‍ എത്തുന്നില്ലെന്നുള്ളതാണ് വാസ്ഥവം. 
 

click me!