പരിശോധനയില്ല; അറവുമാടുകളെ കണ്ടെയിനര്‍ ലോറികളില്‍ അതിര്‍ത്തി കടത്തുന്നു

By Web TeamFirst Published Dec 18, 2018, 12:09 PM IST
Highlights

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കാനാകാത്തതിനാല്‍ വണ്ടി കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയച്ചു. ആര്‍.ടി.ഒ, എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ പരിശോധന പിന്നിട്ടാണ് ലോറി വനംവകുപ്പിന്റെ ചെക്‌പോസ്റ്റിലെത്തിയത്. എന്നാല്‍ രണ്ട് ചെക്‌പോസ്റ്റുകളിലെയും പരിശോധനയിലും വാഹനം പിടിക്കപ്പെട്ടില്ല. 

കല്‍പ്പറ്റ: പരിശോധനയോ കുത്തിവെപ്പോ എടുക്കാത്ത അറവുമാടുകളെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടത്തുന്നത് കണ്ടെയിനര്‍ ലോറികളില്‍. ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് വയനാട്ടിലെ ചെക്‌പോസ്റ്റുകളാണ്. പരിശോധനക്ക് വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് കടത്ത് സംഘങ്ങള്‍ മുതലെടുക്കുന്നത്. 

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കന്നുകാലികളെയും കുത്തിനിറച്ച് വന്ന കണ്ടെയിനര്‍ ലോറി മുത്തങ്ങയിലെ വനംവകുപ്പ് ചെക്‌പോസ്റ്റില്‍ പിടികൂടിയിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനുള്ള വണ്ടിയില്‍ കറവ വറ്റിയ പശുക്കളും എരുമകളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇവയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകള്‍ ഒന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് വനവകുപ്പ് ജീവനക്കാര്‍ മുത്തങ്ങയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന റിന്‍ഡര്‍പെസ്റ്റ് ചെക്‌പോസ്റ്റ് (കാലികള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാകളും മറ്റും സംബന്ധിച്ച് വിധഗ്ദ്ധ പരിശോധന നടത്തേണ്ട ചെക്‌പോസ്റ്റ്) അധികൃതരെ വിവരമറിയിച്ചെങ്കിലും രാത്രിയായതിനാല്‍ എത്തിപ്പെടാന്‍ മാര്‍ഗമില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിയുകയായിരുന്നു. 

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കാനാകാത്തതിനാല്‍ വണ്ടി കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയച്ചു. ആര്‍.ടി.ഒ, എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ പരിശോധന പിന്നിട്ടാണ് ലോറി വനംവകുപ്പിന്റെ ചെക്‌പോസ്റ്റിലെത്തിയത്. എന്നാല്‍ രണ്ട് ചെക്‌പോസ്റ്റുകളിലെയും പരിശോധനയിലും വാഹനം പിടിക്കപ്പെട്ടില്ല. ഇതിന് മുമ്പ് നിരവധി ലോറികള്‍ ഇത്തരത്തില്‍ പിടികൂടിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാതെ തിരിച്ചയക്കുകയായിരുന്നു.

റിന്‍ഡര്‍ പെസ്റ്റ് ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതാണ് ഇതിന് പ്രധാന കാരണം. ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിതന്നിട്ടില്ലെന്നാണ് റിന്‍ഡര്‍ പെസ്റ്റ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേ സമയം ഈ ചെക്‌പോസ്റ്റിലെ പരിശോധ മറികടക്കാനാണ് മൂടിക്കെട്ടിയ ലോറികളില്‍ കാലികളെ കൊണ്ടുവരുന്നത്. ചെക്‌പോസ്റ്റില്‍ ഫീല്‍ഡ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അറവുമാടുകളെ കടത്തുമ്പോള്‍ അംഗീകൃത വെറ്ററിനറി സര്‍ജന്‍ കന്നുകാലികളെ പരിശോധിച്ച് 72 മണിക്കൂറിനുള്ളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ചെക്‌പോസ്റ്റുകളില്‍ കാണിക്കേണ്ട്. 
 

click me!