അരനൂറ്റാണ്ടായിട്ടും പള്ളാത്തുരുത്തിയില്‍ റോഡില്ല

By Web TeamFirst Published Jan 18, 2021, 11:21 AM IST
Highlights

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പള്ളി ജങ്ഷന്‍ മുതല്‍ 200 മീറ്റര്‍ മാത്രം വഴി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഹൗസ് ബോട്ട് യാത്രയ്ക്കായി ഇവിടെ ദിവസവും എത്തുന്നത്. 

ആലപ്പുഴ: ദിനം പ്രതി നിരവധി വിനോദ സഞ്ചാരികള്‍ കടന്നു പോകുന്ന വഴി നവീകരിക്കാതെ അരനൂറ്റാണ്ടായി തകര്‍ന്നു കിടക്കുന്നു. ഇവിടെ കുണ്ടും കുഴിയുമായതോടെ പള്ളാത്തുരുത്തി നിവാസികള്‍ക്കും യാത്രാ ദുരിതം വര്‍ധിക്കുകയാണ്.അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ കൊണ്ടു പോകാനായി ഓട്ടോ പോലും ഇവിടേക്ക് എത്താന്‍ മടിക്കുകയാണ്. കൈനകരി, നെടുമുടി പഞ്ചായത്തുകളിലായി കിടക്കുന്ന ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളി ജങ്ഷന്‍ മുതല്‍ തെക്കോട്ട് പമ്പാ നദിയുടെ തീരത്തുകൂടി കടന്നുപോകുന്ന റോഡിലാണ് കാല്‍നട യാത്ര പോലും ദുസഹമായത്. 

മറ്റു പ്രദേശങ്ങളില്‍ റോഡുകള്‍ ആധുനിക രീതിയില്‍ നിര്‍മിക്കുമ്പോഴാണ് പ്രദേശത്തെ ദുരവസ്ഥ. ഏതാണ്ട് അര നൂറ്റാണ്ടോളമായി ഈ വഴിയുടെ അവസ്ഥ ഇതാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പള്ളി ജങ്ഷന്‍ മുതല്‍ 200 മീറ്റര്‍ മാത്രം വഴി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഹൗസ് ബോട്ട് യാത്രയ്ക്കായി ഇവിടെ ദിവസവും എത്തുന്നത്. ഇവര്‍ ഈ ചെളിവെള്ളത്തില്‍കൂടി നടന്നാണ് ബോട്ടില്‍ കയറുന്നത്. 

റോഡ് ശരിയാക്കുന്നതിനായി നാട്ടുകാര്‍ നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും ജനപ്രതിനിധികള്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടനാട് പാക്കേജ്, പ്രളയ ഫണ്ട് തുടങ്ങിയ ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നുതന്നെ ഇവിടേയ്ക്ക് എത്തിയിട്ടില്ല. പ്രാധാന്യമര്‍ഹിക്കാത്ത പല തോടുകളുടെ തീരങ്ങളിലും കല്ലുകെട്ടിയിട്ടുണ്ടെങ്കിലും പുഞ്ചകൃഷിയും രണ്ടാം കൃഷിയും ചെയ്യുന്ന അര കിലോമീറ്ററോളം വീതിയുള്ള ഇവിടുത്തെ ആറിന്റെ തീരം കല്ലുകെട്ടി സംരക്ഷിക്കാനും അധികാരികള്‍ക്ക് താല്‍പര്യമില്ല.

click me!