'നടക്കാൻ പോലുമാവാത്തവരാണ്, ഇവരെക്കൊണ്ട് ഞാൻ എങ്ങോട്ടു പോവും?' അനിത ചോദിക്കുന്നു

By Web TeamFirst Published Apr 29, 2019, 10:22 AM IST
Highlights

വീടൊഴിയാൻ ജൂണ്‍ വരെയാണ് ഉടമ ഇവര്‍ക്ക് നല്‍കിയിട്ടുള്ള സമയം. തിരിച്ചറിവില്ലാത്ത, സ്വന്തം കാര്യങ്ങള്‍ പോലും സ്വയം ചെയ്യാനറിയാത്ത ഇവരേയും കൊണ്ട് ഇനി എങ്ങോട്ടുപോകുമെന്ന് അനിതയ്ക്കറിയില്ല

തിരുവനന്തപുരം: തല ചായ്ക്കാൻ ഒരിടം തേടുകയാണ് ശ്രീകാരുണ്യ മിഷനിലെ അനിതയെന്ന പോറ്റമ്മയും ഭിന്നശേഷിക്കാരായ അന്തേവാസികളും. ആരോരുമില്ലാത്തവര്‍ക്ക് അഭയം നല്‍കുന്ന നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ മിഷനിലെ അന്തേവാസികളാണ് തെരുവിലിറങ്ങേണ്ട അവസ്ഥയിലുള്ളത്. വിവിധ സര്‍ക്കാര്‍ ഏജൻസികള്‍ സംരക്ഷിക്കാന്‍ ഏൽപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

പരസഹായമില്ലാതെ ഒന്നെഴുന്നേറ്റിരിക്കാൻ പോലുമാകാത്ത സുബിനെപ്പോലെയും അതിനേക്കാളുമേറെയും ദുരിതം പേറുന്ന 58 പേരുണ്ട് നെയ്യാറ്റിൻകരയിലെ കാരുണ്യ മിഷനിൽ. ഏഴ് വയസുകാരൻ മുതല്‍ 60 വയസ് വരെയുള്ളവര്‍. ബന്ധുക്കളെന്ന് പറയാൻ ആരുമില്ലാത്തവര്‍. അവരുടെ പോറ്റമ്മയാണ് അനിത. അനിതയുടെ വാടക വീടാണ് ഇവര്‍ക്ക് അഭയം. 10 വര്‍ഷമായി താമസിക്കുന്ന ഈ വാടക വീട് ഇപ്പോൾ ഒഴിയേണ്ട സ്ഥിതിയാണ്. വീടൊഴിയാൻ ജൂണ്‍ വരെയാണ് ഉടമ ഇവര്‍ക്ക് നല്‍കിയിട്ടുള്ള സമയം. തിരിച്ചറിവില്ലാത്ത, സ്വന്തം കാര്യങ്ങള്‍ പോലും സ്വയം ചെയ്യാനറിയാത്ത ഇവരേയും കൊണ്ട് ഇനി എങ്ങോട്ടുപോകുമെന്ന് അനിതയ്ക്കറിയില്ല.

അന്തേവാസികളുടെ ഭക്ഷണത്തിനും മരുന്നിനും ഒക്കെയായി അനിതയ്ക്ക് ഒരു മാസം ചെലവ് അഞ്ചരലക്ഷം രൂപയാണ്. എന്നാൽ, സർക്കാര്‍ നല്‍കുന്നത് ഒരു വര്‍ഷം ഏഴരലക്ഷം രൂപ മാത്രം. സുമനസുകള്‍ നല്‍കുന്ന സഹായം കൊണ്ടാണ് നിത്യ ചെലവുകള്‍ കഴിയുന്നത്. പല വിഭാഗങ്ങളിലായി 35 ജീവനക്കാര്‍ അനിതയെ സഹായിക്കാനുണ്ട്. ഇവരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. 17 വര്‍ഷം മുമ്പാണ് അനിത ഭിന്നശേഷിക്കാരായവര്‍ക്ക് അഭയം നല്‍കിത്തുടങ്ങിയത്.

click me!