തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട്; ഉദയം പദ്ധതി ജൂണ്‍ 22ന്, മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

By Web TeamFirst Published Jun 19, 2021, 9:28 PM IST
Highlights

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകള്‍ ഒരുക്കി നല്‍കിയിരുന്നു...

കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാംപസ് ജൂണ്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചേവായൂര്‍ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് പദ്ധതിയുടെ പ്രധാന കേന്ദ്രം സജ്ജമായത്. വൈകീട്ട് 5.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് തുടങ്ങിയവര്‍ സംബന്ധിക്കും.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകള്‍ ഒരുക്കി  നല്‍കിയിരുന്നു. ഇതുവരേ 1400 ല്‍ അധികം ആളുകള്‍ക്ക് പൊതുജനപങ്കാളിത്തത്തോടെ പുനരധിവാസ സേവനങ്ങള്‍ ലഭ്യമാക്കി. ഇതില്‍ 400 ഓളം വരുന്ന അന്തേവാസികളെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹില്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്. മെയിന്‍ ക്യാംപസില്‍ 150 പേരെ വരെ പുനരധിവസിപ്പിക്കാന്‍ പറ്റും. ജില്ലയില്‍ ഇനി തെരുവുകളില്‍ കഴിയുന്നവർ  ഉണ്ടാകരുതെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഉദയം പദ്ധതിയെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്തേവാസികള്‍ക്ക് ആവശ്യമായ മാനസിക പരിചരണം നല്‍കുന്നത്. ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും സുമനസ്സുകളുടെയും സഹകരണത്തിലാണ് അന്തേവാസികളുടെ വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും, നിത്യചിലവുകളും നിർവ്വഹിക്കുന്നത്. പരിചരണ കേന്ദ്രങ്ങളില്‍ നൈപുണ്യ പരിശീലനം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സുരക്ഷിതമായ തൊഴിലിനായുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ നിറവേറ്റുന്നതിനായി തയ്യാറാക്കുക, സ്വയം സുസ്ഥിര ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലും പദ്ധതി മുഖാന്തരം സഹായം ലഭ്യമാക്കുന്നുണ്ട്.അര്‍ഹതപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐ.ഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ നല്‍കി അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
 
ഇംഹാന്‍സിന്റെയും ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യല്‍ കെയര്‍ ടീം ആവശ്യമായ സാമൂഹ്യ മാനസിക വിലയിരുത്തലും ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. അന്തേവാസികളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. ഹോട്ടല്‍, ഫാമുകള്‍, ചെരുപ്പ് കമ്പനി, നിര്‍മ്മാണ മേഖല തുടങ്ങിയവിടങ്ങളില്‍ നിലവില്‍ പലരും ജോലി ചെയ്യുന്നുണ്ട്.

മുൻ എം.എൽ എ വി.കെ.സി മമ്മദ് കോയ ഒരു കോടിയും, ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് 50 ലക്ഷം അടക്കം സുമനസ്സുകളുടെ സഹായത്താല്‍ രണ്ടു കോടിയോളം രൂപ ചിലവിലാണ് കോഴിക്കോട് ചേവായൂര്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് ഉദയത്തിന്റെ നാലാം ഭവനമൊരുങ്ങിയത്.
വി.കെ.സി ഗ്രൂപ്പ് സ്ഥാപകനും മുന്‍ എം.എല്‍.എയുമായ വി.കെ.സി. മമ്മദ്കോയ, ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്സിന്റെ ആഭിമുഖ്യത്തിലുള്ള സത്ക്രിയ എന്നിവരുടെ ശക്തമായ പിന്തുണ ഉദയം പദ്ധതിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നുവെന്ന് കലക്ടര്‍ വ്യക്തമാക്കി. വാര്‍ത്ത സമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോസഫ് റിബെല്ലോ എന്നിവര്‍ സംബന്ധിച്ചു.

click me!