ബാവലി ചെക്‌പോസ്റ്റില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യങ്ങളില്ല; ഡ്രൈവര്‍മാരും സഹായികളും ദുരിതത്തില്‍

By Web TeamFirst Published Apr 21, 2020, 4:29 PM IST
Highlights

പാസുമായി വൈകുന്നേരം അഞ്ചുമണിക്കുശേഷം ബാവലിയില്‍ എത്തുന്ന ചരക്കുവാഹനങ്ങള്‍ക്ക് പിറ്റേ ദിവസമെ പോകാനാവു. അതിനാല്‍ വാഹനങ്ങള്‍ ബാവലി ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിടുകയാണ് ചെയ്യുക.

കല്‍പ്പറ്റ: കര്‍ണാടകയിലേക്ക് ചരക്കുവാഹനങ്ങള്‍ കടത്തിവിടുന്ന ബാവലി ചെക്‌പോസ്റ്റില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. പൊതുശൗചാലയമില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന ചരക്കുവാഹനങ്ങളുടെ ഡ്രൈവര്‍മാരും സഹായികളും പ്രയാസത്തിലായിരിക്കുന്നത്. ചരക്കുവാഹനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് തൃശ്ശിലേരി വില്ലേജ് ഓഫീസില്‍നിന്ന് പാസ് നല്‍കുന്നത്. പാസുമായി വൈകുന്നേരം അഞ്ചുമണിക്കുശേഷം ബാവലിയില്‍ എത്തുന്ന ചരക്കുവാഹനങ്ങള്‍ക്ക് പിറ്റേ ദിവസമെ പോകാനാവു. അതിനാല്‍ വാഹനങ്ങള്‍ ബാവലി ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിടുകയാണ് ചെയ്യുക. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഒരു രാത്രി മുഴുവനും ബാവലിയില്‍ നിര്‍ത്തിയിടുന്നത് പതിവാണ്. ഡ്രൈവറും രണ്ട് സഹായികളുമാണ് ഒരു വാഹനത്തില്‍ ഉണ്ടായിരിക്കേണ്ടത്. വാഹനങ്ങളില്‍ തന്നെ രാത്രി ഉറങ്ങുന്ന ഇവര്‍ പ്രഭാതകര്‍മങ്ങള്‍ക്കാവാതെ ലോറിയുമായി യാത്ര തുടരണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേരം പുലര്‍ന്നാല്‍ മാത്രമെ ബാവലിയിലെ പുഴയോരങ്ങളെയും സമീപത്തെ വനത്തെയും പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ആശ്രയിക്കാനാവൂ എന്ന് ജീവനക്കാര്‍ പറയുന്നു. 

അതേ സമയം ബാവലിയിലെ ഭക്ഷണശാലകളിലേക്കും വീടുകളിലേക്കും, കാര്‍ഷിക ആവശ്യങ്ങള്‍ക്കുമെല്ലാം ഈ പുഴയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുഴ മലിനമാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഇ-ടോയ്‌ലെറ്റെങ്കിലും സ്ഥാപിച്ച് ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടുത്തെ പൊതുടാപ്പുകളില്‍ വെള്ളമെത്താത്തത് മറ്റൊരു പ്രശ്‌നമാണ്. പൊതുടാപ്പുകളില്‍നിന്ന് വെള്ളം കിട്ടാതാവുമ്പോള്‍ പുഴയിലെ വെള്ളത്തെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. അതേസമയം തിരുനെല്ലി പഞ്ചായത്ത്, വനംവകുപ്പ്, ശുചിത്വമിഷന്‍ എന്നിവ ചേര്‍ന്ന് ബാവലിയില്‍ താത്കാലിക ശൗചാലയങ്ങള്‍ പണിയുന്നതിന് നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
 

click me!