
പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് പത്തനംതിട്ട ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾ. 12 വർഷമായി ഇവിടെ കഴിയുന്നവർക്ക് കുടിവെള്ളമോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല.
ഭൂരഹിതരായ 603 കുടുംബങ്ങളാണ് ചെങ്ങറയിലെ സമരഭൂമിയിൽ കഴിയുന്നത്. മാറി മാറി വന്ന സർക്കാരുകളുടെ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ ഭൂമി ആശിച്ചെത്തിയവരുടെ ജീവിതം നരകതുല്യമായി. ഇവർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് സമീപത്തെ നീർച്ചാലുകളായിരുന്നു. വേനൽ കടുത്തതോടെ നീർച്ചാലുകൾ വറ്റി വരണ്ടു. ഇപ്പോൾ ആറ്റിലെ വെള്ളം ചുമന്ന് കൊണ്ട് വരണം. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും സൗകര്യമില്ല.
റോഡ് ഇല്ലാത്തതിനാൽ അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയുന്നില്ലെന്ന് സമരഭൂമിയിൽ താമസിക്കുന്നവർ പറയുന്നു. തിരിച്ചറിയൽ രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ സർക്കാരിന്‍റെ കണക്കിൽ ചെങ്ങറയിലെ താമസക്കാർ വരുന്നില്ല. ചെങ്ങറിയിലുള്ളവർക്ക് വോട്ടേഴ്സ് ഐഡി കാർഡുകൾപ്പെടെ നൽകണമെന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ നേരത്തെ ഉത്തരവിറക്കിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.
അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലും വോട്ടവകാശം ഉപയോഗപ്പെടുത്താനായില്ല. തിരിച്ചറിയൽ രേഖകൾ നൽകുന്നതിനായി നേരത്തെ ഇവിടെ കണക്കെടുപ്പ് പൂർത്തിയായെങ്കിലും തുടർ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam