ഇന്നെങ്കിലും വെളളം വരുമോ ? തലസ്ഥാനവാസികളുടെ കുടിവെളളംമുട്ടിച്ച പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക്

Published : Sep 08, 2024, 05:27 PM IST
ഇന്നെങ്കിലും വെളളം വരുമോ ? തലസ്ഥാനവാസികളുടെ കുടിവെളളംമുട്ടിച്ച പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക്

Synopsis

തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നാല് ദിവസം കുടിവെള്ളം മുട്ടിച്ച പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക്. ഏഴ് മണിയോടെ പമ്പിംഗ് തുടങ്ങാനാകുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളം കിട്ടി തുടങ്ങുമെന്നുമാണ് ജലഅതോറിറ്റി അധികൃതര്‍ പറയുന്നത്. അപ്രതീക്ഷിത പ്രതിസന്ധിയാണ് ഉണ്ടായതെന്ന് ജലവഭിവ മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ആഞ്ഞടിച്ച് എംഎൽഎ വികെ പ്രശാന്ത് രംഗത്തെത്തി.

തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു.

ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാൽവിൽ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി വേണം പമ്പിംഗ് തുടങ്ങാൻ. ആദ്യ മണിക്കൂറിൽ പൈപ്പ് ലൈൻ വൃത്തിയാക്കും. പിന്നീട് വേണം കുടിവെള്ളം എത്തിക്കാൻ. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാൻ ഇനിയും മണിക്കൂറുകളെടുക്കും. 

 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി