
കൽപ്പറ്റ: കഴിഞ്ഞ ദിവസം ദേശീയപാതക്കരികില്‍ കടുവയെ (Tiger) കണ്ട നായ്‌ക്കെട്ടി പ്രദേശത്തെ ഭീതി അകലുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ യാത്രികര്‍ വീഡിയോ പകര്‍ത്തിയ സ്ഥലത്ത് നിന്ന് മാറി എറളോട്ടുകുന്ന് എന്ന പ്രദേശത്ത് ഇന്ന് പട്ടാപ്പകല്‍ കടുവ പശുക്കിടാവിനെ ആക്രമിച്ചതോടെ (Tiger Attack) ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലായിരിക്കുകയാണ്.
രാവിലെ പത്ത് മണിയോടെ ഏറളോട്ടുകുന്ന് മേലോത്ത് പത്മനാഭന്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് കടുവ രക്ഷപ്പെടുകയായിരുന്നു. പശുക്കിടാവിന്റെ കഴുത്തിലും മുതുകിലുമാണ് പരിക്കേറ്റിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് കേട്ടാണ് ഇക്കാര്യം മനസിലായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാപ്പിത്തോട്ടമോ മറ്റോ താവളമാക്കിയിരിക്കാമെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. പകല്‍സമയങ്ങളില്‍ കാപ്പിത്തോട്ടങ്ങളില്‍ ഒളിച്ചിരിക്കുന്ന കടുവ രാത്രിയിലോ ആളനക്കമില്ലാത്ത സമയത്തോ പുറത്തിറങ്ങുകയാണെന്നും ജനങ്ങള്‍ ആരോപിച്ചു.
നൂല്‍പ്പുഴ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ 2012-ലും കടുവയിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചരുന്നു. വാര്‍ഡിന്റെ ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി മുത്തങ്ങ വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട വനപ്രദേശമാണ്. മൂലങ്കാവ് ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന വനപ്രദേശം നായ്‌ക്കെട്ടി ടൗണ്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള ചിത്രാലക്കരയിലാണ് അവസാനിക്കുന്നത്. ഈ ഭാഗത്ത് കൂടിയാണ് എറളോട്ടുകുന്നിലേക്ക് വന്യമൃഗങ്ങളെത്തുന്നത്.
മുത്തങ്ങ ചെക്‌പോസ്റ്റ് രാത്രി ഒമ്പത് മണിക്ക് അടക്കുന്നതിനാല്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ കുറവാണ്. ആനശല്യം പരിഹരിക്കാനായി കിടങ്ങും വേലിയും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനല്‍ക്കാലമെത്തുന്നതോടെ കടുവയടക്കമുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വയനാട്ടില്‍ എവിടെയും ഇല്ല.
അതേസമയം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് എത്തി എറളോട്ടുക്കുന്നില്‍ പരിശോധന നടത്തി. നൂല്‍പ്പുഴ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ കടുവശല്യമുള്ള മേഖലയില്‍ കൂട് സ്ഥാപിക്കാനും തീരുമാനമായി. ഉച്ചക്ക് മുമ്പ് തന്നെ കൂട് പ്രദേശത്ത് എത്തിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ച് ഏഴ് മണിയോടെയാണ് കൂട് സ്ഥാപിച്ചത്. വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണവും പ്രദേശത്ത് ഉണ്ടാകുമെന്ന് വാര്‍ഡ് മെമ്പര്‍ അനില്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam