
നൂറനാട്: ആലപ്പുഴ നൂറനാടുള്ള ലെപ്രസി ആശുപത്രിയ്ക്ക് വേണ്ടി കോടികൾ മുടക്കി നിർമ്മിച്ച മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു. ഒ.പി. പ്രവർത്തിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള കെട്ടിടം കാറ്റിലും മഴയിലും തകർന്നു വീണിരുന്നു. ഇതോടെ ഒ.പിയുടെ പ്രവർത്തനം താറുമാറായി. കുഷ്ഠരോഗികളുടെ ദുരിത ജീവിതത്തിലേക്ക് വെളിച്ചം വീശിയ ആശ്വമേധം എന്ന നാടകം തോപ്പിൽ ഭാസി എഴുതിയത് ഈ ലെപ്രസി സെന്ററിന്റെ മണ്ണും മണവും അറിഞ്ഞായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ ഒപി കെട്ടിടത്തിലൊന്ന് ഈയിടെ തകർന്ന് വീണു. ജീർണതയുടെ പടുകുഴിയിൽ നിന്ന് അവയെ മോചിപ്പിക്കാൻ നിർമ്മിച്ച കെട്ടിടം കാട് കയറി നശിച്ചു. 23 കോടി മുടക്കി ഒന്നര ഏക്കർ സ്ഥലത്ത് പുതുപുത്തൻ കെട്ടിടം ഒരുക്കി. 2017 ൽ ആരംഭിച്ച് ഒന്നരവർഷം കൊണ്ട് പണി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഓക്സിജൻ പ്ലാന്റ് ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങൾ.
എന്നാൽ വർഷങ്ങൾ കഴിഞ്ഞ് കെട്ടിടപ്പൊക്കത്തിൽ പുല്ലു വളർന്നു. ഉദ്ഘാടനം കഴിഞ്ഞില്ല. ഒപി ആരംഭിച്ചില്ല. എന്തിന് ആശുപത്രിയ്ക്ക് കെട്ടിടം കൈമാറിയിട്ട് പോലുമില്ല. കാരണം അന്വേഷിച്ചപ്പോൾ ആദ്യം വഴി മുടക്കിയത് കോവിഡാണ്. പിന്നൊരു കാരണം എൻഒസി ലഭിക്കത്തതും.ഉദ്ഘാടനം നീളാൻ കാരണമായി. മാറ്റി നിർത്തിയവരെ മാറ്റിപ്പാർപ്പിച്ച ഇടം ഇനിയും ഇങ്ങനെ നിലനിർത്തിയാൽ മതിയോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം