നെഞ്ചും വിരിച്ചൊരു വരവാ, മാസല്ല; മരണമാസ്! കുട്ടികളെ കയറ്റാതെ ബസിന്‍റെ പരക്കംപാച്ചില്‍, തടഞ്ഞിട്ട് പ്രിൻസിപ്പൽ

By Web TeamFirst Published Sep 22, 2022, 11:54 AM IST
Highlights

കോഴിക്കോട് -പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന 'രാജപ്രഭ' എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾക്ക് അപകടകരമാം അമിതവേഗതയിൽ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയർന്നിരുന്നു

മലപ്പുറം: സ്‌കൂളിന് മുന്നിൽ ബസ് നിർത്താത്ത വിഷയത്തില്‍ പരാതികള്‍ കൂടിയതോടെ നെഞ്ചും വിരിച്ച് ബസ് തടഞ്ഞ് ഒരു പ്രിൻസിപ്പൽ. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. സക്കീർ എന്ന സൈനുദ്ധീനാണ് ബസ് തടഞ്ഞത്. ഇദ്ദേഹം പ്രിൻസിപ്പൽമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റുമാണ്. സംഘർഷ സാധ്യത മുന്നിൽക്കണ്ട് കൂടുതൽ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു.

കോഴിക്കോട് -പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന 'രാജപ്രഭ' എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾക്ക് അപകടകരമാം അമിതവേഗതയിൽ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പൊലീസിൽ നൽകിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാൻ ശ്രമം നടത്തിയെങ്കിലും അമിതവേഗതയിൽ കടന്നു പോയി.

ഇതേ തുടർന്ന് റോഡിലെ ഡിവൈഡർ ക്രമീകരിച്ചാണ് പ്രിൻസിപ്പൽ ബസിനെ 'പിടികൂടിയത്'. ബസ് തടയുന്ന രംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. കാണികളിൽ ഒരാൾ പകർത്തിയ രംഗങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം, ഈ മാസം ആദ്യം കൂറ്റനാട് സ്വകാര്യ ബസിന്‍റെ മരണയോട്ടത്തിനെതിരെ  വാഹനം പിന്തുടർന്ന് തടഞ്ഞു നിർത്തി സാന്ദ്ര എന്ന യുവതി പ്രതിഷേധിച്ചിരുന്നു.

ബസ് അമിത വേഗത്തിൽ മറികടക്കുന്നതിടെ സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. തുടർന്ന് ഇതെക്കുറിച്ച് അന്വേഷിച്ച പട്ടാമ്പി ജോയിന്‍റ് ആര്‍ ടി ഒ  നൽകിയ  റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്  ആര്‍ ടിഒ ഡ്രൈവർക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സ്വീകരിച്ചത്.

click me!